Home » Blog » Kerala » കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘർഷം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്
images (28)

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘർഷത്തിൽ മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി എം. ബി. രാജേഷ്. എസ്.എഫ്.ഐ നേതാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് എം.എസ്.എഫുകാർ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പങ്കാളിയാണെന്നും, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണോ ഇത് നടന്നതെന്ന് അവർ വ്യക്തമാക്കണമെന്നും എം. ബി. രാജേഷ് ആവശ്യപ്പെട്ടു.

 

മുഖം മറച്ചെത്തിയ ക്രിമിനലുകളാണ് ആക്രമണത്തിന് പിന്നിലെന്നും, ലീഗ് നേതൃത്വത്തിന്റെ പിൻബലത്തോടെയാണ് ഈ ക്രിമിനലുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും, കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും എം. ബി. രാജേഷ് കൂട്ടിച്ചേർത്തു.

 

കേരളത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ നേതാക്കളെ പോലും മാരകായുധങ്ങളുമായി എത്തിയ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കാൻ ശ്രമിച്ചു. പരിക്കേറ്റ നേതാക്കൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വന്നുവെന്നും, ഈ കൊടുംക്രൂരതയെ കേരള സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അതേസമയം, യൂണിവേഴ്‌സിറ്റി സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എം.എസ്.എഫിന്റെ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് കേസ്. എസ്.എഫ്.ഐ നൽകിയ പരാതിയിൽ 7 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 8 പേർക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *