സൂര്യ നായകനായി തകർപ്പൻ വിജയം നേടിയ ‘കറുപ്പ്’ യഥാർത്ഥത്തിൽ ദളപതി വിജയ്യെ മനസ്സിൽ കണ്ട് തയ്യാറാക്കിയതായിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകനും നടനുമായ ആർ.ജെ. ബാലാജി. ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. ഇതിനായി രണ്ട് മൂന്ന് തവണ വിജയ്യുമായി കൂടിക്കാഴ്ച നടത്തുകയും രാഷ്ട്രീയ പശ്ചാത്തലവും സിനിമയുടെ സ്വഭാവവും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ചില കാരണങ്ങളാൽ വിജയ് ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ബാലാജി വ്യക്തമാക്കി. പിന്നീട് സൂര്യയോട് കഥ പറയുകയും അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയുമായിരുന്നു. വേട്ടക്കറുപ്പ് എന്ന കാവൽദൈവത്തെയും നിയമവ്യവസ്ഥയിലെ അഴിമതിയെയും കോർത്തിണക്കിയുള്ള ഒരു ഫാന്റസി ചിത്രമാണിത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ചിത്രം മാറിക്കഴിഞ്ഞു. ബോക്സോഫീസിൽ ജൈത്രയാത്ര തുടരുന്ന കറുപ്പ് എട്ട് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 250 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് പൂർത്തിയാക്കിയ ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ ആണ്. സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം റിലീസ് നീണ്ടുപോയ ചിത്രം ജൂൺ 19-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് ഇതിലെ മറ്റ് പ്രധാന താരങ്ങൾ.
