
ശബരിമലയിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപ്പത്തിലും നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ‘സ്ട്രിപ്പിങ് സോൾട്ട്’ എന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്ന് ശാസ്ത്രീയ പരിശോധനാഫലത്തിലൂടെ സ്ഥിരീകരിച്ചു. അടുത്ത ആഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അന്തിമ കുറ്റപത്രത്തിൽ പ്രത്യേക അന്വേഷണ സംഘം ഈ നിർണായക വിവരം ഉൾപ്പെടുത്തിയേക്കും.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ശേഖരിച്ച സ്ട്രിപ്പിങ് സോൾട്ടിന്റെ സാമ്പിൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. കേസിൽ സ്മാർട്ട് ക്രിയേഷന്റെ പങ്ക് തെളിയിക്കുന്നതിൽ ഈ പരിശോധനാ ഫലം നിർണായകമാകും. കട്ടിളപ്പാളി മറ്റാർക്കും കൈമാറിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വർണം വേർതിരിക്കാൻ മെർക്കുറിയും മറ്റ് രാസലായനികളും ഉപയോഗിച്ചതുമൂലം പാളിയുടെ ഘടനയിൽ മാറ്റം സംഭവിച്ചതായി ലബോറട്ടറി ഉദ്യോഗസ്ഥർ എസ്ഐടിക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, ഇതിനായി ഉപയോഗിച്ച രാസവസ്തുക്കൾ മുംബൈയിൽ നിന്നാണ് വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ഇതുവരെ 430 പേരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജംഷഡ്പൂർ ലാബിലെ വിദഗ്ധരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കേസിൽ സാക്ഷികളാകുമെന്നാണ് വിവരം. കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പം എന്നീ രണ്ട് കേസുകളിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
