Home » Blog » kerala Max » കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്ന പേളി മാണിക്ക് പിന്തുണയുമായി റോബിൻ രാധാകൃഷ്ണൻ
Screenshot_20260726_000103

ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും സബ്‌സ്ക്രൈബർമാരുടെ ഇടിവും നേരിടുന്ന ജനപ്രിയ അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിക്ക് പിന്തുണയുമായി ബിഗ് ബോസ് മുൻ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ രംഗത്ത്. രാജ്യത്തെ യുവജനങ്ങളുടെ കരുത്തിനെക്കുറിച്ചും പരിക്കേൽക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും പറഞ്ഞ് പേളി പങ്കുവെച്ച ആദ്യ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് അവിടെയും ഇവിടെയും തൊടാതെയുള്ള നിലപാടില്ലാത്ത പ്രതികരണമാണെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

തുടർന്ന് കാവിയാണ് തന്റെ ഇഷ്ട നിറമെന്നും മറ്റും വ്യക്തമാക്കി പേളി നൽകിയ വിശദീകരണവും വിവാദങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. പേളിക്കെതിരെയുള്ള ഈ സൈബർ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് റോബിൻ രാധാകൃഷ്ണൻ പിന്തുണയുമായി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള പൂർണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ റോബിൻ, വേറിട്ട കാഴ്ചപ്പാടുകൾ ആത്മവിശ്വാസത്തെ ബാധിക്കാൻ അനുവദിക്കരുതെന്ന് പേളിയോട് ആവശ്യപ്പെട്ടു.

“പേളി, അവനവനോട് സത്യസന്ധയായി തുടരുക; തലയുയർത്തിപ്പിടിച്ച് ദയയും സത്യവുമുള്ള ആ വ്യക്തിയായി തുടരുക, നിങ്ങളെ ശരിക്കും അറിയാവുന്നവർ എപ്പോഴും വിലമതിക്കും, ബഹുമാനിക്കും” എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കുറിച്ചു. കൂടാതെ വരാനിരിക്കുന്നത് നല്ല ദിനങ്ങളാണെന്നും പുഞ്ചിരി തുടരുകയും കരുത്തോടെ ഇരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാദങ്ങൾക്ക് ശേഷം ഈ വിഷയത്തിൽ മറ്റ് പ്രതികരണങ്ങളൊന്നും പേളി മാണി ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, പ്രമുഖരുടെ പിന്തുണയോടെ ഈ വിഷയം വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.