യുഎഇയുടെ കിഴക്ക്, പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവെ സാധാരണ കാലാവസ്ഥയായിരിക്കുമെങ്കിലും, ചില പ്രദേശങ്ങളിൽ പകൽ സമയത്തെ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴയുള്ള സമാന കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
തീരദേശങ്ങളിലും മലയോര മേഖലകളിലും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. തീരദേശങ്ങളിൽ 43 മുതൽ 48 ഡിഗ്രി വരെയും മലയോര മേഖലകളിൽ 31 മുതൽ 37 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തിയേക്കാം.
