
കണ്ണൂര്‍: ഞങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ ഞങ്ങള്‍ തന്നെ നേരിടുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. എന്തുവന്നാലും പാര്‍ട്ടിയുടെ സഹായം ഞങ്ങള്‍ ചോദിക്കില്ലെന്നും പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ മെമ്പര്‍ഷിപ്പ് പോലും വേണമെന്നില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മകള്‍ക്കെതിരായ മാസപ്പടി കേസ് എല്‍ഡിഎഫിനെ ലക്ഷ്യംവെച്ചുള്ളതാണെന്ന പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെയാണ് വിനോദിനി ബാലകൃഷ്ണന്റെ ഒളിയമ്പ്.
“ഓര്‍മ്മ ദിനത്തില്‍ വന്നിരിക്കുന്നത് കോടിയേരിയോടും ഞങ്ങളോടും സ്‌നേഹമുള്ളവരാണ്. അവര്‍ അണികള്‍ ആണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. ഞങ്ങളുടെ കുടുംബത്തിന് എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടുന്നതാണ് ഇതുവരെ ഉണ്ടായത്. പാര്‍ട്ടിയെ ഒന്നും ഞങ്ങള്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടില്ല. ഇനിയും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. ഞങ്ങള്‍ അവസാനം വരെ പാര്‍ട്ടിയായിരിക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. പ്രസ്ഥാനത്തിന്റെ കൂടെയാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. ഒന്നിനും വേണ്ടി ഞങ്ങള്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കില്ല. ഇതുവരെ ആക്കിയിട്ടുമില്ല. ഞങ്ങള്‍ക്ക് എന്തുവന്നാലും ഞങ്ങള്‍ അത് നേരിടുന്നു. ഇപ്പോള്‍ കുട്ടികളെയല്ലേ ചെയ്യാന്‍ പറ്റൂ. എല്ലാം അവര്‍ തന്നെ നേരിടും. അതിന് പാര്‍ട്ടിയുടെ സഹായം ഞങ്ങള്‍ ചോദിക്കുന്നില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തില്ല” – വിനോദിനി ബാലകൃഷ്ണന്‍ തുടര്‍ന്നു.
“ഞങ്ങള്‍ക്ക് വരുന്നതൊക്കെ ഞങ്ങള്‍ നേരിട്ടോള്ളാം. ഈ വരുന്നവരെയൊക്കെ ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. വന്നിരിക്കുന്നത് കോടിയേരിയോട് ഇഷ്ടമുള്ളവരാണ്. അതില്‍ അണികള്‍, നേതാക്കള്‍ അങ്ങനെയൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ മെമ്പര്‍ഷിപ്പ് പോലും വേണമെന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ മെമ്പര്‍ഷിപ്പും വേണ്ട” – വിനോദിനി ബാലകൃഷ്ണ്‍ പറഞ്ഞു.
