
ഓണം സ്പെഷ്യൽ സർവീസുകളിലൂടെ കെ.എസ്.ആർ.ടി.സിക്ക് മികച്ച സാമ്പത്തിക നേട്ടം. ചതയദിനമായ വെള്ളിയാഴ്ച മാത്രം എട്ടു കോടി രൂപയാണ് കോർപ്പറേഷന്റെ വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.
ഉത്രാടദിനത്തിൽ 21.45 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. ഇതിൽ 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി സൗജന്യ യാത്രാ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഈ ദിവസം 7.88 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 2.04 കോടി രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും നൽകി. കഴിഞ്ഞ വർഷത്തെ ഉത്രാടത്തിന് 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപ വരുമാനവുമായിരുന്നു ഉണ്ടായിരുന്നത്. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തുകയും 12.95 ലക്ഷം പേർ യാത്ര ചെയ്യുകയും ചെയ്തു.
അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി 19.91 ലക്ഷം പേർ യാത്ര ചെയ്തു. മുൻവർഷം ഇത് 17.81 ലക്ഷമായിരുന്നു. തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും, യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പ്രധാന കാരണം.
