
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് മഹേന്ദ്രസിംഗ് ധോണിയുടെയും സുരേഷ് റെയ്നയുടെയും ബന്ധം. ഇന്ത്യന്‍ ടീമിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും ദീർഘകാലം ഒന്നിച്ച് കളിച്ച ഇരുവരും ഗ്രൗണ്ടിലും പുറത്തും മികച്ച കൂട്ടുകെട്ടായിരുന്നു. ധോണിയുടെ ക്യാപ്റ്റൻസിയിൽ കരിയർ കെട്ടിപ്പടുത്ത റെയ്ന അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി കൂടിയായിരുന്നു.
2020 ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് റെയ്നയും പടിയിറങ്ങി. കൊവിഡ് കാലത്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ ബയോ ബബിളിൽ യു.എ.ഇയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും ചരിത്രപരമായ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്. ഇത് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരുന്നു.
ധോണിയുടെ വിരമിക്കലിന് പിന്നാലെ താനും ആ തീരുമാനമെടുത്തത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നതായി റെയ്ന പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രസിങ് റൂമിലെത്തിയ റെയ്നയോട് “നീയിത് എന്താണ് ചെയ്തത്” എന്നായിരുന്നു ധോണി ചോദിച്ചത്. ആ വൈകാരിക നിമിഷത്തില്‍ ഇരുവരും കെട്ടിപ്പിടിച്ച് കരയുകയും, രാത്രി മുഴുവന്‍ ഒന്നിച്ച് ഇരുന്ന് തങ്ങളുടെ കരിയറിനെയും സൗഹൃദത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തു.
ധോണി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് റെയ്ന പലതപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ തന്റെ ബാറ്റിംഗ് പൊസിഷന്‍ യുവരാജ് സിംഗിനും സുരേഷ് റെയ്നയ്ക്കും വേണ്ടി വിട്ടുനൽകാൻ ധോണി തയ്യാറായി. സ്വന്തം താല്‍പ്പര്യങ്ങളേക്കാൾ ടീമിനെയും സഹതാരങ്ങളെയും മുന്നിൽ കണ്ട ആ ക്യാപ്റ്റൻസി ശൈലിയാണ് ഇരുവരുടെയും ബന്ധത്തെ കൂടുതൽ ദൃഢമാക്കിയത്.
