Home » Blog » Kerala » ഒരാള്‍ക്ക് ഒരു പദവി: സംഘടനാ തത്വം കര്‍ശനമാക്കാന്‍ മുസ്ലിം ലീഗ്; ജനപ്രതിനിധികള്‍ ഭാരവാഹിത്വം ഒഴിയണം
16

മലപ്പുറം: ഒരാള്‍ക്ക് ഒരു പദവി എന്ന സംഘടനാ തത്വം സംസ്ഥാനത്ത് നടപ്പാക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം. പാര്‍ട്ടി പാതയില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും മറ്റ് പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് ഉടനടി ഒഴിയണ ന്നാണ് പുതിയ നിര്‍ദേശം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം. ജനപ്രതിനിധികള്‍ തങ്ങളുടെ ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും, സംഘടനാ ചുമതലകള്‍ വഹിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

നേരത്തെയും സമാനമായ സര്‍ക്കുലറുകള്‍ പാര്‍ട്ടി പുറപ്പെടുവിച്ചിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇത് ഭാഗികമായി നടപ്പിലായത്. ഉയര്‍ന്ന തലത്തിലുള്ള പല എം.പിമാരും എം.എല്‍.എമാരും ഒരേസമയം പാര്‍ട്ടി സ്ഥാനങ്ങളും ജനപ്രതിനിധി പദവിയും ഒരുപോലെ കൈയാളി പോരുന്ന സാഹചര്യത്തിലാണ് ലീഗ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം സംസ്ഥാന ഭാരവാഹിത്വങ്ങളില്‍ നിന്ന് ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി നിലനിര്‍ത്തി പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ഉറപ്പാക്കും. കഴിഞ്ഞ ദിവസം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞ പി.കെ നവാസിന് പിന്നാലെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ യു.ഡി.എഫ് സര്‍ക്കാരിലെ ലീഗ് മന്ത്രിമാരില്‍ ഭൂരിഭാഗവും പാര്‍ട്ടി ചുമതലകള്‍ കൂടി വഹിക്കുന്നവരാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.ഇ അബ്ദുല്‍ഗഫൂര്‍ തുടങ്ങിയ പ്രമുഖരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, കല്ലട്ര മാഹിന്‍, എം.എ റസാഖ്, പി.കെ ഫിറോസ്, ടി.പി അഷ്റഫലി, ഫാത്തിമ തഹിലിയ തുടങ്ങിയ ജനപ്രതിനിധികളും പോഷക സംഘടന ഭാരവാഹികളും തീരുമാനം വരുന്നതോടെ പദവികള്‍ ഒഴിയേണ്ടി വരും.

ഭരണ തലത്തില്‍ പുതിയ ചുമതലകള്‍ ലഭിച്ചവര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഇടംപിടിച്ചവര്‍ക്കും സംഘടനാ പദവികള്‍ ഒഴിയേണ്ടി വരുമെന്ന് പാര്‍ട്ടി തത്ത്വത്തില്‍ ഉറപ്പിച്ചിട്ടുണ്ട്.