മസ്കറ്റ്: ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ മിന അൽ ഫഹൽ ടെർമിനലിന് സമീപം വൻ സ്ഫോടനം. സംഭവത്തെ തുടർന്ന് ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ കയറ്റുമതിയും വിതരണവും താത്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കടലിൽ നങ്കൂരമിടുന്ന എണ്ണക്കപ്പലുകളിലേക്ക് അസംസ്കൃത എണ്ണ കൈമാറാൻ ഉപയോഗിക്കുന്ന സിംഗിൾ-ബോയ് മൂറിങ് (എസ്ബിഎം) സംവിധാനത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. എസ്‌ബിഎം 1, എസ്‌ബിഎം 2 ബെർത്തുകൾക്കിടയിലായിരുന്നു സ്ഫോടനം ഉണ്ടായതെന്നാണ് എണ്ണമേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ആക്രമണം നടന്ന സമയത്തെക്കുറിച്ചോ ഒമാൻ അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സ്ഫോടനത്തെ തുടർന്ന് ടെർമിനലിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ എണ്ണ കയറ്റുമതിക്കായി എത്തിയ നിരവധി സൂപ്പർടാങ്കറുകൾ തുറമുഖത്തിന് പുറത്ത് കടലിൽ കാത്തുകിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണ നിറയ്ക്കുന്നതിനുള്ള നടപടികൾ നിർത്തിവെച്ചതിനാൽ കപ്പലുകളുടെ യാത്രയും വൈകുകയാണ്.
ലോക വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് മിന അൽ ഫഹൽ. അതിനാൽ ടെർമിനലിലെ പ്രവർത്തന തടസ്സം ആഗോള എണ്ണവിതരണ ശൃംഖലയെയും ഇന്ധന വിപണിയെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് ഒമാൻ ഭരണകൂടവും സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
