ഭോപാൽ: ‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. പക്ഷെ, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻപറ്റുമെന്ന് ഒരു ഉറപ്പുമില്ല’… ആത്മഹത്യാ കുറിപ്പെഴുതിവച്ച് പത്തൊൻപതുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. നീറ്റ്-യു.ജി. പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്താണ് മധ്യപ്രദേശിലെ ഭോപാലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.
മേയ് 20-നാണ് മധ്യപ്രദേശ് സ്വദേശിയായ ആകാംക്ഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ആത്മഹത്യാക്കുറിപ്പ് ഇപ്പോഴാണ് പോലീസ് കണ്ടെത്തിയത്. പരീക്ഷയിൽ 650 മാർക്കുവരെ മകൾ പ്രതീക്ഷിച്ചിരുന്നതായി കുടുംബം പറയുന്നു. പരീക്ഷ റദ്ദാക്കിയതോടെ കടുത്ത വിഷാദത്തിലായി. കർഷകനായ അച്ഛൻ കൃഷ്ണകുമാർ ചതുർവേദി മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തിനായി വലിയ സാമ്പത്തിക ത്യാഗങ്ങളാണ് സഹിച്ചിരുന്നത്.
വളരെ തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം കിസാൻ ക്രെഡിറ്റ് കാർഡുവഴി മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് നാഗ്പുരിലെ പരിശീലന കേന്ദ്രത്തിൽ ആകാംക്ഷയെ പഠിപ്പിച്ചത്. പഠനച്ചെലവ് കണ്ടെത്താനായി അച്ഛൻ പാചകക്കാരനായും ജോലി ചെയ്തിരുന്നു. മേയ് മൂന്നിനു നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളാണ് ആകാംക്ഷ.
ചോദ്യക്കടലാസ് ചോർച്ച വിവാദങ്ങളെത്തുടർന്ന് മേയ് 12-ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
