Home » Blog » kerala Max » എൽഡിഎഫ് ഹാട്രിക് അടിക്കും, പിണറായി തന്നെ മുഖ്യമന്ത്രി; ആത്മവിശ്വാസത്തിൽ എം വി ഗോവിന്ദൻ
MV_Govindan

കേരളത്തിൽ ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്നും 80-ലധികം സീറ്റുകൾ നേടി എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും ഒരു തരത്തിലുള്ള ടെൻഷനും തങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ വിജയപ്രതീക്ഷകൾ വെറും ഊതിവീർപ്പിച്ചതാണെന്ന് അദ്ദേഹം പരിഹസിച്ചു. വികസനം ചർച്ച ചെയ്യാതിരിക്കാനാണ് യുഡിഎഫ് ‘ഡീൽ’ ആരോപണങ്ങൾ ഉയർത്തുന്നത്. സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്, അതിനാൽ അവർ ഇടതുപക്ഷത്തെ താങ്ങും തണലുമായി കാണുന്നു. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചിട്ടുണ്ടെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ചിലയിടങ്ങളിൽ അത്തരം പ്രവണതകൾ കണ്ടേക്കാമെങ്കിലും അത് കേരളത്തിന്റെ പൊതുവായ പ്രവണതയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാളയത്തിൽ പട നടത്തേണ്ട സാഹചര്യം ഇടതുമുന്നണിക്കില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തങ്ങൾക്ക് ഒരു മണിക്കൂർ പോലും വേണ്ട. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.