Home » Blog » kerala Max » എൻ പ്രശാന്ത് വീണ്ടും കുരുക്കിൽ; അനുമതിയില്ലാതെ മാധ്യമങ്ങളെ കണ്ടതിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്
n-prasanth-680x450

സ്‌പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് വീണ്ടും കുരുക്കിലേക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെ പരസ്യമായി വിമർശിച്ചതിനും ചീഫ് സെക്രട്ടറി അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. കഴിഞ്ഞ നവംബർ മുതൽ സസ്‌പെൻഷനിൽ തുടരുന്ന പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം.

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ രചിച്ച ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രശാന്തിന്റെ വിവാദ പരാമർശങ്ങൾ. ഉദ്യോഗസ്ഥർക്ക് സംസാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും, കേരളത്തിൽ പല മേഖലകളിലും ‘കമ്മീഷൻ’ അടിസ്ഥാനത്തിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം വേദിയിൽ ആരോപിച്ചു. സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയല്ലെന്നും സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സത്യം തുറന്നുപറയാൻ അവകാശമുണ്ടെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും സർക്കാർ നയങ്ങളെയും ഭരണരീതികളെയും പ്രശാന്ത് രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രസ്താവനകൾ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചിരിക്കുന്നത്. 2024 നവംബറിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് പ്രശാന്തിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി മെയ് 4-ന് അവസാനിക്കാനിരിക്കെ, പുതിയ നടപടി അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.