കൊച്ചി: മുതിർന്ന പേലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പോലീസ് ഉദ്യോഗസ്ഥർ. മുൻ പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ, മുൻ താനൂർ ഡിവൈഎസ്പി ബെന്നി വി.വി, മുൻ മലപ്പുറം എസ്പി സുജിത് ദാസ് എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരെ വീട്ടമ്മ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ഇവർ ഹർജിയിൽ പറയുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, വലിയാറ്റൂരിനരികിൽ പരാതിയുമായി എത്തിയ വീട്ടമ്മയെ പിന്നീട് അവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പിന്നീട് 2024ൽ ഡിഐജിക്ക് നൽകിയ പരാതിയിൽ മുൻ എസ്പിയും ഡിവൈഎസ്പിയും തന്നെ പീഡിപ്പിച്ചു എന്നും വീട്ടമ്മ പറയുന്നു. എസ്എച്ച്ഒ പീഡിപ്പിച്ചത് പരാതിപ്പെടാൻ എത്തിയ തന്നെ ഇരുവരും പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മ പറഞ്ഞത്. തുടർന്ന് ആദ്യം പൊന്നാനി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും കേസ് എത്തുകയായിരുന്നു.
എന്നാൽ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ വീട്ടമ്മ സുപ്രീം കോടതിയിൽ പോയെങ്കിലും കേസിൽ ഇടപെടാൻ വിസമ്മതിക്കുകയും മജിസ്ട്രേറ്റ് കോടതിയോട് തന്നെ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ പരാതികൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഹർജിയിൽ ആരോപിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്നതിനു മുമ്പ് മേലധികാരിയുടെ റിപ്പോർട്ടും പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും സുപ്രീം കോടതിയുടെയും മുൻ ഉത്തരവുകളിലെ നിർദേശങ്ങൾ പാലിക്കാതെ, മജിസ്ട്രേറ്റ് യാന്ത്രികമായി കേസ് റജിസ്റ്റർ ചെയ്യാൻ പൊന്നാനി പോലീസിനു നിർദേശം നൽകുകയായിരുന്നു എന്ന് ഇവർ ഹർജിയിൽ ആരോപിക്കുന്നു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അതിനാൽ ഉത്തരവ് റദ്ദാക്കി തങ്ങൾക്ക് അർഹമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നുമാണ് ഉദ്യോഗസ്ഥർ ഹർജിയിലൂടെ ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്.
