Home » Blog » Kerala » എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചില്ല? ‘അതിരടി’ ചിത്രത്തിലെ പിന്മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ
GALEEMUDHIN-1-188

മലയാള സിനിമാ പ്രേക്ഷകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യുടെ തമിഴ് പ്രീ-റിലീസ് വേദിയിൽ തിളങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലേക്ക് സഞ്ജുവിനെ ആലോചിച്ചിരുന്നതായി ബേസിൽ ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ എന്തുകൊണ്ട് താൻ ഭാഗമായില്ല എന്നതിന്റെ കാരണം രസകരമായ ശൈലിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

 

സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ എന്തുകൊണ്ട് നിരസിച്ചു എന്ന അവതാരകയുടെ ചോദ്യത്തിന്, തനിക്ക് തന്ന വേഷം വളരെ ചെറുതായതിനാലാണ് അത് ചെയ്യാതിരുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. “വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോൾ കുറച്ച് വലിയ വേഷം തരണമെന്ന് ഞാൻ പറഞ്ഞു. ബേസിൽ ഭയങ്കര വലിയ സംവിധായകനാണ്, അതുകൊണ്ട് എനിക്ക് എങ്ങനെയുള്ള വേഷമാണ് തരേണ്ടതെന്ന് അവന് നന്നായി അറിയാം,” സഞ്ജു സാംസൺ പറഞ്ഞു.

 

സഞ്ജുവിന് എങ്ങനെയുള്ള വേഷമാണ് നൽകേണ്ടതെന്ന ചോദ്യത്തിന്, മാസ്സ് ലുക്കിലുള്ള ഒരു ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു മനസ്സിലെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതിന് മറുപടിയായി, തമിഴ്‌നാട്ടിൽ പണ്ടുമുതലേ ഓട്ടോ ഡ്രൈവർ വേഷങ്ങൾ വൻ മാസ്സ് ആണെന്നായിരുന്നു സഞ്ജുവിന്റെ തകർപ്പൻ കൗണ്ടർ.

 

ബേസിലുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തെക്കുറിച്ചും സഞ്ജു വേദിയിൽ സംസാരിച്ചു. സുഹൃത്ത് വിളിച്ചതുകൊണ്ടാണ് താൻ ഈ ചടങ്ങിനെത്തിയതെന്നും, എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന ആളാണെന്ന് തോന്നുമെങ്കിലും ബേസിൽ ജോസഫ് ജോലിയുടെ കാര്യത്തിൽ അതീവ ഗൗരവക്കാരനും കഠിനാധ്വാനിയുമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.

 

ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമാണ് ‘അതിരടി’. ഈ അവധിക്കാലത്ത് തിയേറ്ററുകളിൽ ആഘോഷമാക്കാൻ പറ്റിയ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണിത്. ‘മിന്നൽ മുരളി’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അതിരടിക്കുണ്ട്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയാ ഷിബു തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.