Home » Blog » Kerala » വിവാഹം കച്ചവട കരാറല്ല; സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന പരമ്പരാഗത രീതിക്കെതിരെ കോടതി.
KANGANA-87

രാജസ്ഥാനിലെ പരമ്പരാഗത വിവാഹ സമ്പ്രദായമായ ‘അട്ട-സാട്ട’യ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രാജസ്ഥാൻ ഹൈക്കോടതി. മനുഷ്യജീവനുകളെ കരുക്കളാക്കി നടത്തുന്ന ഇത്തരം ക്രൂരമായ ബാർട്ടർ (കൈമാറ്റ) സമ്പ്രദായങ്ങൾ നിയമപരമായും ധാർമികമായും നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. കുടുംബങ്ങൾ തമ്മിൽ പെൺമക്കളെ പരസ്പരം കൈമാറുന്ന ഈ രീതിയെ ‘വിവാഹ ബന്ദിയാക്കൽ’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

 

ചരിത്രവിധി ഇങ്ങനെ

 

2016-ൽ ‘ആട്ട-സാട്ട’ സമ്പ്രദായപ്രകാരം വിവാഹിതയായ ബിക്കാനീർ സ്വദേശിനിയായ യുവതിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ അരുൺ മോംഗ, സുനിൽ ബെനിവാൾ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം. യുവതിയുടെ വിവാഹം നടന്ന ദിവസം തന്നെ, ഇവരുടെ സഹോദരനും ഭർത്താവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയും തമ്മിലും വിവാഹം നടന്നിരുന്നു. എന്നാൽ പ്രായപൂർത്തിയായപ്പോൾ ഭർത്താവിന്റെ സഹോദരി ഈ ബാലവിവാഹത്തെ നിരസിച്ചു. ഇതിൽ പ്രകോപിതരായ ഭർതൃവീട്ടുകാർ, സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും 2020-ൽ യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.

തുടർന്ന് യുവതി നൽകിയ പീഡനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, സഹോദരിയുടെ നിലപാടിൽ ഭർതൃകുടുംബത്തെ സമ്മർദ്ദത്തിലാക്കാനാണ് യുവതി വിവാഹമോചനം തേടുന്നതെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹർജി തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമാധാനത്തോടെ ജീവിക്കാൻ ഭർത്താവിൽ നിന്ന് ജീവനാംശം പോലും വേണ്ടെന്ന് അറിയിച്ച യുവതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.