Home » Blog » Kerala » എട്ട് ആർമി സ്റ്റേഷനുകളിൽ പ്രകൃതിവാതക വിതരണത്തിനൊരുങ്ങി ബിപിസിഎൽ ഉൾപ്പെടെയുള്ള സിജിഡി സ്ഥാപനങ്ങൾ
22
കൊച്ചി: ഇന്ത്യൻ ആർമി സ്റ്റേഷനുകളിൽ പൈപ്പ്‌ലൈൻ മാർഗം പ്രകൃതിവാതകം (പിഎൻജി) ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ‘ഇന്ത്യൻ ആർമി പിഎൻജി ട്രാൻസിഷൻ വെബിനാർ 2026’ സംഘടിപ്പിച്ചു. ഇന്ത്യൻ ആർമിയുടെയും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെയും (പിഎൻജിആർബി) സഹകരണത്തോടെ നടത്തിയ വെബിനാറിൽ ആറ് പ്രമുഖ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സേനയുടെ 41 കേന്ദ്രങ്ങളിൽ പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം എത്തിക്കും. ഇതുവഴി ഇരുപതിനായിരത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ആദ്യഘട്ടം 2026-27 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എട്ട് ആർമി സ്റ്റേഷനുകളും ആറ് സിജിഡി സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബിപിസിഎൽ, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, തിങ്ക് ഗ്യാസ്, ടോറന്റ് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, സെൻട്രൽ യുപി ഗ്യാസ് ലിമിറ്റഡ് എന്നിവയാണ് പദ്ധതിയിൽ പങ്കാളികളായ സിജിഡി സ്ഥാപനങ്ങൾ. സൈനിക കേന്ദ്രങ്ങൾ പിഎൻജിയിലേക്ക് മാറുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പിഎൻജി ഹാൻഡ്‌ബുക്കും ചടങ്ങിൽ പുറത്തിറക്കി.
കരസേന, പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനമാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിന് കരസേനയ്ക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും ബിപിസിഎൽ ഗ്യാസ് വിഭാഗം ബിസിനസ് ഹെഡ് രാഹുൽ ടണ്ഡൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *