Home » Blog » Auto » ഇന്ത്യയിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു
21

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ ആഗോള സംരംഭമായ മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡൽഹി എൻസിആറിലെ ഗുരുഗ്രാമിൽ (ഡിഎൽഎഫ് വൺ ഹൊറൈസൺ സെന്റർ) ഉദ്ഘാടനം ചെയ്തു. മെഴ്‌സിഡസ്-ബെൻസിൻ്റെ ഇന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആണിത്. ലോസ് ആഞ്ചലസ്, ടോക്കിയോ, സിംഗപ്പൂർ, കോപ്പൻഹേഗൻ തുടങ്ങി ലോകത്തെ പ്രമുഖ 14 നഗരങ്ങൾക്ക് ശേഷം ആദ്യമായാണ് ഈ നഗര കേന്ദ്രീകൃത സ്റ്റുഡിയോ ഇന്ത്യയിലെത്തുന്നത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കാണുന്നതിനും ബ്രാൻഡിന്റെ സംസ്കാരം അടുത്തറിയുന്നതിനുമായി തുറന്ന അന്തരീക്ഷത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്.

സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെൻസിൻ്റെ കൺസെപ്റ്റ് എഎംജി ജിടി എക്‌സ് എക്‌സ് ഇലക്ട്രിക് സൂപ്പർകാറും ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു. മൂന്ന് ആക്സിയൽ ഫ്ലക്സ് മോട്ടോറുകൾ വഴി 1,000 കിലോവാട്ടിൽ കൂടുതൽ (1,360 എച്ച്പി) കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 360 കിലോമീറ്ററിലധികമാണ്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ബ്രാൻഡുമായി ബന്ധപ്പെടാൻ ഈ സ്റ്റുഡിയോ വഴി സാധിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എംഡി & സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. കാൾ ബെൻസ് 1886-ൽ ആദ്യ വാഹനം പേറ്റന്റ് ചെയ്തതിന്റെ 140-ാ‌‍‌ം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ആഗോള പദ്ധതി നടപ്പിലാക്കുന്നത്.

പ്രശസ്തമായ ലവോൺ അക്കാദമിയുമായി ചേർന്ന് മെഴ്‌സിഡസ് വാഹനങ്ങളുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള പ്രത്യേക പേസ്ട്രികളും ബേക്കിംഗ് വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മെഴ്‌സിഡസ് ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ, മെഴ്‌സിഡസ്-എഎംജി പെട്രോണാസ് X അഡിഡാസ് വസ്ത്രങ്ങളും ഇവിടെയുണ്ട്. വെബ്‌സൈറ്റിലൂടെ മുൻകൂർ ബുക്ക് ചെയ്താൽ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സാധിക്കും.

ഇന്ത്യൻ ബ്രാൻഡായ ഇ-മോട്ടോറാഡുമായി ചേർന്ന് പൂർണ്ണമായും ഇന്ത്യയിൽ അസംബിൾ ചെയ്ത മൂന്ന് തരം മെഴ്‌സിഡസ്-എഎംജി പെട്രോണാസ് ഇ-ബൈക്കുകളും കമ്പനി വിപണിയിലിറക്കി. 250വാട്ട് മോട്ടോറും പരമാവധി മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും മാത്രമുള്ളതിനാൽ ഇവയ്ക്ക് ഇന്ത്യയിൽ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. സെപ്റ്റംബർ പകുതിയോടെ ഇവയുടെ വിതരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *