മുംബൈ: എഞ്ചിനീയർക്ക് നേരെ ചെളിവെള്ളം ഒഴിച്ച കേസിൽ ബിജെപി മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് മഹാരാഷ്ട്ര കോടതി കണ്ടെത്തി. മന്ത്രിക്ക് ഒരു മാസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. മഹാരാഷ്ട്രയിലെ സിൻധുദുർഗ് കോടതിയുടേതാണ് നടപടി. നിയമം കയ്യിലെടുക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) എഞ്ചിനീയർക്ക് നേരെയാണ് നിതേഷ് റാണെ ചെളിയെറിഞ്ഞത്. മുംബൈ-ഗോവ ദേശീയപാത വികസന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്. എഞ്ചിനിയറെ അപമാനിക്കുകയും ശരീരത്തിൽ പറ്റിപ്പിടിച്ച ചെളിയോടുകൂടി നടത്തുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ പ്രതിപക്ഷ എംഎൽഎയായിരുന്നു റാണെ. റോഡിന്റെ മോശം ഗുണനിലവാരത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നു ഉദ്ദേശമെന്ന് റാണെ വാദിച്ചെങ്കിലും അതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഒരു പൊതുപ്രവർത്തകനെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുന്നത് കുറ്റകരമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജിയായ വി.എസ്. ദേശ്മുഖ് അഭിപ്രായപ്പെട്ടു. അധികാര ദുരുപയോഗമാണിതെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ പിന്നീട് റാണെയുടെ ശിക്ഷ കോടതി താൽക്കാലികമായി റദ്ദാക്കി. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചു. കേസിലെ മറ്റ് 29 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. റാണെയ്ക്കെതിരെ കലാപം, പൊതുജന സേവകനെ ആക്രമിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അവയിൽ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തനാക്കി. മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനാണ് റാണെ. സംഭവം നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎയായിരുന്നു.
റാണെ ഉൾപ്പെടെ 30 പേർക്കെതിരെയാണ് അന്ന് കേസെടുത്തത്. 2019 ജൂലൈ നാലിന് സ്ഥലത്തെത്തിയ റാണെ എൻഎച്ച്‌എഐ സബ് ഡിവിഷണൽ എഞ്ചിനീയറെ കങ്കാവ്‌ലിയിലെ ഗാഡ് നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് വിളിച്ചുവരുത്തി. റോഡ് നിർമാണത്തിന്റെ ഗുണനിലവാരക്കുറവും വെള്ളക്കെട്ടും ആരോപിച്ച് എഞ്ചിനീയറെ ആക്രമിക്കുകയും ദേഹത്ത് ചെളിവെള്ളം ഒഴിക്കുകയും ചെയ്തു. തുടർന്ന് പൊതുസ്ഥലത്ത് ചെളിയിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.
