ബോളിവുഡ് സിനിമാ സെറ്റുകളിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുതിർന്ന നടൻ അന്നു കപൂർ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ ബോധപൂർവ്വം നിയന്ത്രണം വിട്ട് പെരുമാറാറുണ്ടെന്നും സംവിധായകൻ ‘കട്ട്’ പറഞ്ഞാലും ഇവർ ഇത്തരം പ്രവർത്തികൾ തുടരാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ലോകത്തെ അസ്വസ്ഥമാക്കുന്ന വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തിയത്.
“ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സീൻ അവസാനിപ്പിക്കാൻ സംവിധായകൻ പലതവണ ആവശ്യപ്പെട്ടിട്ടും ആ നടൻ നിർത്തിയില്ല. ഒടുവിൽ നടി കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു.” ഈ സംഭവത്തിന് ശേഷം ആ നടി വലിയ മാനസികാഘാതത്തിലായെന്നും രണ്ട് ദിവസത്തോളം മുറിക്ക് പുറത്തിറങ്ങാതെ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തി ഭയന്ന് നടീനടന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, ആ നടി ഈ അഭിമുഖം കണ്ടാൽ തന്റെ വാക്കുകൾ സത്യമാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ താൻ എപ്പോഴും പ്രൊഫഷണലായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അന്നു കപൂർ വ്യക്തമാക്കി. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സഹനടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് മാത്രമാണ് താൻ ചോദിക്കാറുള്ളത്. അനാവശ്യ ചോദ്യങ്ങൾ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സെറ്റുകളിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് അന്നു കപൂറിന്റെ വാക്കുകൾ വഴിതുറന്നിരിക്കുന്നത്. അക്ഷയ് കുമാർ നായകനായ ‘ജോളി എൽഎൽബി 3’ ആണ് അന്നു കപൂറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
