സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി അംഗീകരിച്ചു. 2026 മെയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി ലഭിക്കുക. 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടാനുള്ള സർക്കാർ ശുപാർശയാണിത്. ഈ തീരുമാനം വഴി ഏകദേശം 30,845 ഉദ്യോഗാർത്ഥികൾക്ക് നിയമന സാധ്യതകൾ വർദ്ധിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായതായി സർക്കാർ വിലയിരുത്തി. ഇത് പരിഗണിച്ചാണ് കാലാവധി നീട്ടാൻ ശുപാർശ നൽകിയത്. വിവിധ വിഷയങ്ങളിലെ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങിയ സംസ്ഥാനതല പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ ജില്ലാതല പട്ടികകൾക്കും ഇതിന്റെ ഗുണം ലഭിക്കും. കാലാവധി നീട്ടുന്നതിനോട് മുൻ സർക്കാർ അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്.
