തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി അടക്കം കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. സണ്ണി ജോസഫിന് പകരം അധ്യക്ഷ പദവിയിലേക്ക് കണ്ണ് വെക്കുന്നത് അര ഡസനിലധികം മുതിർന്ന നേതാക്കൾ. മന്ത്രി പദവിയിൽ എത്തിയ രണ്ട് വർക്കിങ് പ്രസിഡന്‍റുമാരും മാറും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി.പി അബ്ദുൽ റഷീദും ബിനു ചുള്ളിയിലും സജീവ പരിഗണനയിലാണെന്നാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ സണ്ണി ജോസഫ് തന്നെ പദവിയിൽ തുടരാനാണ് സാധ്യത.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അധ്യക്ഷ പദവിയിലേക്ക് ഇത്തവണ പരിഗണക്കപ്പെടുമെന്നാണ് ആന്‍റോ ആന്‍റണിയുടെ വിശ്വാസം. ദലിത് പ്രസിഡന്‍റെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷും രംഗത്തുണ്ട്. എ ഗ്രൂപ്പിൽ നിന്ന് ബെന്നി ബഹനാനും കെ.സി ജോസഫും കെപിസിസി അധ്യക്ഷ പദവിയിൽ നോട്ടമിട്ടിട്ടുണ്ട്. ജോസഫ് വാഴക്കനെ പ്രസിഡന്‍റാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യവും നേതൃത്വത്തിനു മുന്നിലുണ്ട്.
യുഡിഎഫ് കൺവീനർ പദവിയിൽ നിന്ന് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് അടൂർ പ്രകാശ്. ഇതിനൊപ്പം നിലവിലെ വർക്കിംഗ് പ്രസിഡന്‍റുമാരായ എ.പി അനിൽകുമാറും പി.സി വിഷ്ണുനാഥും മന്ത്രിമാർ ആയതോടെ ഇവർക്കും പകരക്കാരെത്തും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയ ചാണ്ടി ഉമ്മനും മാത്യു കുഴൽ നാടനുമാണ് കൂടുതൽ സാധ്യത.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒ.ജെ ജനീഷിന്റെ പകരക്കാരൻ ആര് എന്ന ചർച്ചകളും കോൺഗ്രസിൽ സജീവമാണ്. വി.പി അബ്ദുൽ റഷീദിനെ യൂത്ത് കോൺഗ്രസിന്റെ അമരത്തേക്ക് കൊണ്ടുവരണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ മികച്ച മത്സരം കാഴ്ചവച്ചത് അബ്ദുൽ റഷീദിന്റെ സാധ്യതക്ക് മുൻതൂക്കം നൽകുന്നുണ്ട്. രമേശ് ചെന്നിത്തലയും വി.ഡി സതീശനും റഷീദിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ, ബിനു ചുള്ളിയിലിന് വേണ്ടിയും ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. കെപിസിസിയിലെയും യൂത്ത് കോൺഗ്രസിലെയും പുനഃസംഘടനക്കൊപ്പം ചില ഡിസിസി അധ്യക്ഷന്മാർക്കും സ്ഥാന ചലനം ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും ജൂൺ മാസത്തിനുള്ളിൽ അഴിച്ചു പണി പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
