ഉടമയുടെ 24 പവൻ സ്വർണം കവർന്നയാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം ജീവനക്കാരൻ കവര്‍ന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ചോറോട് കുരിയാടി സ്വദേശി വള്ളില്‍ സുനിലി(65)നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഗീത രാജേന്ദ്രന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനായിരുന്നു സുനില്‍. ഗീത ലോക്കറില്‍ വയ്ക്കാനായി കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് മോഷണം പോയത്.

വിവാഹ ആവശ്യത്തിനായി എടുത്ത ആഭരണങ്ങള്‍ വീണ്ടും ലോക്കറില്‍ വയ്ക്കുന്നതിന് മുന്‍പ് വീട്ടില്‍ സൂക്ഷിക്കുന്ന് സുരക്ഷിതമല്ലെന്ന് കരുതിയാണ് സ്വന്തം കടയിൽ ഗീത സൂക്ഷിച്ചത്. പകൽ കടയിൽ ആളുണ്ടാകുമെന്നതായിരുന്നു ഗീതയുടെ ധൈര്യം. വടകര മാര്‍ക്കറ്റ് റോഡിലെ സ്‌റ്റേഷനറി കടയിലാണ് ഗീത സ്വർണം സൂക്ഷിച്ച് വച്ചത്. ഈ കാര്യം കടയിലെ ജീവനക്കാരനായ സുനിലിന് അറിയാമായിരുന്നു.

35 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജോലിക്കാരനാണ് സുനില്‍. ലോക്കറിലേക്ക് മാറ്റാനായി സ്വർണം എടുക്കാൻ നോക്കുമ്പോഴാണ് ആഭരണം കുറവുണ്ടെന്ന് ഗീതയ്ക്ക് ബോധ്യമായത്. ഇതോടെ കടയിലെ ജീവനക്കാരനായ സുനിലിനെ ഗീത ചോദ്യം ചെയ്തു. ആഭരണങ്ങള്‍ താന്‍ എടുത്ത് വിറ്റുവെന്നും പണം രണ്ട് മാസത്തിനുള്ളില്‍ നല്‍കാമെന്നുമായിരുന്നു ഇയാളുടെ മറുപടി. ഇതിന് പിന്നാലെ ഗീത പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗീതയുടെ സ്വർണം മോഷ്ടിച്ച ശേഷവും പതിവുപോലെ അടുത്ത ദിവസം ജോലിക്കെത്തിയ ഇയാളെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *