പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പതിപ്പിച്ചാതായി റിപ്പോർട്ട്. സാഞ്ചസിന്റെ ചിത്രത്തിനൊപ്പം “ഈ യുദ്ധം നിയമവിരുദ്ധം മാത്രമല്ല, മനുഷ്യത്വരഹിതവുമാണ്” എന്ന ഉദ്ധരണിയും മിസൈലുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. യുദ്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാഞ്ചസിനോടുള്ള നന്ദി പ്രകടനമായാണ് ഇറാനിയൻ മാധ്യമങ്ങൾ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
യുദ്ധം ആരംഭിച്ചത് മുതൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്പെയിൻ സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേൽ-അമേരിക്ക സഖ്യത്തിന്റെ നീക്കങ്ങൾ ന്യായീകരിക്കാനാവില്ലെന്നും അത് സമാധാനത്തിന് വിഘാതമാണെന്നും സാഞ്ചസ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ലണ്ടനിലെ യുദ്ധവിരുദ്ധ പ്രകടനക്കാരോടും ട്രംപിന്റെ നയങ്ങളെ എതിർക്കുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സന്ദേശങ്ങളും ഇറാന്റെ മിസൈൽ ശേഖരങ്ങളിൽ ദൃശ്യമാണ്.
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമ-നാവിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നിഷേധിച്ച സ്പാനിഷ് സർക്കാരിന്റെ നടപടി വലിയ രാഷ്ട്രീയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഇതിൽ പ്രകോപിതനായ അമേരിക്കന പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മാനുഷികവും സാമ്പത്തികവുമായ തകർച്ച ഒഴിവാക്കാൻ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിൽ സാഞ്ചസ് ഉറച്ചുനിൽക്കുകയാണ്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഈ സംഘർഷം ഇപ്പോൾ 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഇസ്രയേലിന് പുറമെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ അയൽ രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലകൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ ആശങ്ക ഇരട്ടിയായി.
രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ സംഘർഷം ആഗോള വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്നതും പണപ്പെരുപ്പവും വികസിത രാജ്യങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുന്നു. സമാധാന ചർച്ചകൾക്ക് അമേരിക്ക നേരിയ സൂചനകൾ നൽകുന്നുണ്ടെങ്കിലും, മേഖലയിലേക്ക് കൂടുതൽ യുഎസ് സൈനിക സജ്ജീകരണങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് യുദ്ധം നീണ്ടുനിൽക്കുമെന്ന ഭീതി വർധിപ്പിക്കുന്നു.
മിസൈലുകളിൽ രാഷ്ട്രീയ സന്ദേശങ്ങൾ എഴുതുന്നത് പതിവാണെങ്കിലും, ഒരു യൂറോപ്യൻ ഭരണാധികാരിയുടെ വാക്കുകൾ ഇസ്രയേലിനെതിരെയുള്ള ആയുധങ്ങളിൽ ഉപയോഗിക്കുന്നത് നയതന്ത്രതലത്തിൽ പുതിയ പോരാട്ടങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. പാശ്ചാത്യ സഖ്യത്തിനുള്ളിലെ ഭിന്നതകളും അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളോടുള്ള യൂറോപ്പിലെ ഒരു വിഭാഗത്തിന്റെ എതിർപ്പുമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്.
