പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ച് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് എത്താൻ താൻ യാതൊരുവിധ പോരാട്ടവും നടത്തിയിട്ടില്ലെന്നും, ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ചെന്നിത്തല വെളിപ്പെടുത്തി.
പുതിയ പദവിയിൽ താങ്കൾ സന്തോഷവാനാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞാൻ ഹാപ്പിയാണോ എന്നതല്ല, മറിച്ച് ഈ നാട്ടിലെ ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം” എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജനങ്ങൾക്ക് പൂർണ്ണ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം. വരാനിരിക്കുന്ന ഭരണത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് പൂർണ്ണ സ്വൈര്യജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തന്നെ എപ്പോഴും വിശ്വസിച്ച് വലിയ ഉത്തരവാദിത്തങ്ങളാണ് ഏൽപ്പിച്ചിട്ടുള്ളതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. തന്റെ ഇരുപത്തിയേഴാം വയസ്സിൽ എംഎൽഎയായും, ഇരുപത്തിയെട്ടാം വയസ്സിൽ മന്ത്രിയായും ചുമതലയേറ്റ ചരിത്രമുണ്ട്. ആ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ലെന്നും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഭംഗിയായി നിർവഹിക്കാൻ താൻ എപ്പോഴും സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രൂപീകരണ വേളയിൽ എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സ്വാഭാവികമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
