Home » Blog » Kerala » ഇറാന്‍-യുഎസ് യുദ്ധം: ഹോർമൂസ് ഒഴിവാക്കി ചരക്കുനീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍
14

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഉണ്ടായ ഗതാഗത പ്രതിസന്ധി മറികടക്കാൻ റൂട്ട് മാറ്റാന്‍ തീരുമാനിച്ച് കപ്പലുകള്‍. ആഫ്രിക്ക വഴി ഗുഡ്‌ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള്‍ തെരഞ്ഞെടുക്കുന്നത്. മിഡില്‍ഈസ്റ്റില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെയാണ് ഗള്‍ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേടാന്‍ പ്രേരിപ്പിക്കുന്നത്.

യുറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള കപ്പലുകളാണ് ആഫ്രിക്കയുടെ തെക്കന്‍ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍പാതകളിലടെ വരുന്നത്. നേരത്തെ യമനിലെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ പല കപ്പല്‍ കമ്പനികളും ഈ വഴി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഹൂതികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കുറഞ്ഞതോടെ കപ്പലുകള്‍ പഴയ പാതയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് ഇറാന്‍ യുദ്ധം തുടങ്ങുകയും കപ്പല്‍പാതകളില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്.

ഇറാന്‍ യുദ്ധം രൂക്ഷമായതോടെ ഗുഡ്‌ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയിലൂടെ കൂടുതല്‍ കപ്പലുകള്‍ വരാന്‍ തുടങ്ങിയത്. സൂയസ് കനാല്‍ വഴി ഗതാഗതം നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഗുഡ് ഹോപ് വഴിയാണ് ഇപ്പോള്‍ പോകുന്നതെന്ന് യുറോപ്പിലെ ഒരു പ്രമുഖ കമ്പനിയായ ഹാപഗ് ലോയിഡിന്റെ സി.ഇ.ഒ പ്രതികരിച്ചു.ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി കപ്പലുകള്‍ വരുമ്പോള്‍ ഏകദേശം 2700 ഡോളറാണ് ഇപ്പോള്‍ ചിലവ് വരുന്നത്. സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്.

കപ്പലുകളിലെ ജിപിഎസ് സിഗ്നലുകളെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പോര്‍ട്ട് വാച്ച് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയിലധികമായി വര്‍ദ്ധിച്ചു. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 24നും ഇടയില്‍ പ്രതിദിനം ശരാശരി 20 വാണിജ്യ കപ്പലുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിച്ചു. 2023ലെ ഇതേ കാലയളവില്‍ ഇത് ആറ് കപ്പലുകള്‍ മാത്രമായിരുന്നു. പുതിയ പാതയിലൂടെ വരുന്നതിനാല്‍ യാത്രസമയം രണ്ടാഴ്ചവരെ വര്‍ധിക്കുമെന്നതാണ് പ്രധാന പോരായ്മ. എങ്കിലും മറ്റ് വഴികളില്ലാത്തതിനാല്‍ ആഫ്രിക്ക വഴി പോകാന്‍ കപ്പലുകള്‍ നിര്‍ബന്ധിതമാവുകയാണ്.