മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നടി ലിസിയും സംവിധായകൻ പ്രിയദർശനും ഒന്നിച്ചുനിൽക്കുന്ന അപൂർവമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ‘ലെ മാജിക് ലാന്റേൺ’ സ്റ്റുഡിയോയിൽ വെച്ച് പകർത്തിയ ഈ ചിത്രങ്ങൾ ലിസി തന്നെയാണ് തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ വോയിസ് റെക്കോർഡിംഗിനായി മമ്മൂട്ടി സ്റ്റുഡിയോയിൽ എത്തിയപ്പോഴായിരുന്നു ഈ സൗഹൃദ സംഗമം. ഇതിഹാസ താരം തന്റെ സ്റ്റുഡിയോയിലെത്തിയതിലുള്ള വലിയ സന്തോഷം പങ്കുവെച്ച ലിസി, മമ്മൂട്ടിയുടെ പ്രഭാവത്തെയും ഊർജ്ജസ്വലതയെയും കുറിച്ച് വാചാലയാകുകയും ചെയ്തു.
മമ്മൂക്കയെ നേരിൽ കണ്ട അനുഭവം വിവരിക്കവേ, അദ്ദേഹം എക്കാലത്തെയും പോലെ അതീവ ആകർഷകനാണെന്നും അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജവും തന്റെ 30-കളിൽ ഉള്ളതുപോലെ കാലാതീതമാണെന്നും ലിസി കുറിച്ചു. പത്മഭൂഷൺ മമ്മൂട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ അവർ, പേട്രിയറ്റ് എന്ന ചിത്രത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ നേരുകയും ചെയ്തു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വരും ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും.
