Home » Blog » kerala Max » ഇന്ധനവില വർദ്ധനവ് നീതിരഹിതം; തീരുമാനം കേന്ദ്രം പിൻവലിക്കണമെന്ന് പിണറായി വിജയൻ
pinarayi-vijayan-680x450

രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് കൈമാറാൻ തയ്യാറാകാതിരുന്ന കേന്ദ്രം, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അമിതഭാരമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിലവർദ്ധനവ് ഒരുവിധത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം രാജ്യത്തുണ്ടായ പാചകവാതക ക്ഷാമവും അമിതവിലയും ഇതിനകം തന്നെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും സാധാരണക്കാരെ സഹായിക്കേണ്ട ഘട്ടത്തിൽ, കേന്ദ്രം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഇന്ധനവിലയിലുണ്ടായ ഈ വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഗതാഗതച്ചെലവ് കുതിച്ചുയരാനും ഇടയാക്കും. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാണ്. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായമായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.