ഇന്ത്യയിൽ പിടികൂടുന്ന കള്ളക്കടത്ത് സ്വർണം മാറ്റുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക്

മുംബൈ: 2024-25 സാമ്പത്തികവർഷം ഇന്ത്യയിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക് മാറ്റിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ കള്ളക്കടത്ത് സ്വർണം കേസ് തീരുന്നമുറയ്ക്ക് സംസ്കരിച്ച് ശുദ്ധീകരിച്ച് ബിസ്ക്കറ്റ് രൂപത്തിലാണ് ആർബിഐ കരുതൽ ശേഖരത്തിലേക്ക് മാറ്റുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്‌പിഎംസിഐഎൽ) പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവേയാണ് രാജ്യത്ത് പിടികൂടുന്ന കള്ളക്കടത്ത് സ്വർണം എന്തുചെയ്യുന്നുവെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കിയത്.

അതിർത്തികൾവഴിയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുമാണ് രാജ്യത്തേക്ക് അനധികൃതമായി സ്വർണം കടത്തുന്നത്. ഇത്തരത്തിൽ കടത്തുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ), കസ്റ്റംസ് വകുപ്പുമാണ് പ്രധാനമായും പിടിച്ചെടുക്കുന്നത്. കേസ് തീരുന്നമുറയ്ക്ക് ഈ സ്വർണം എസ്‌പിഎംസിഐഎലിലേക്ക്‌ കൈമാറും. ഇവിടെ സംസ്കരിച്ച് അന്താരാഷ്ട്രനിലവാരത്തിലുള്ള ബുള്ള്യൻ ബിസ്‌കറ്റുകളാക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക്‌ മാറ്റുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ ഡിആർഐയും കസ്റ്റംസും ചേർന്ന് ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്.

നേരത്തേ, പിടിച്ചെടുത്ത സ്വർണം എസ്ബിഐവഴി ലേലംചെയ്യുകയായിരുന്നു രീതി. ഇതുവഴി, പിടിച്ചെടുക്കുന്ന സ്വർണം വീണ്ടും വിപണിയിലേക്കെത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക്‌ മാറ്റാൻതുടങ്ങിയത്. പിടിച്ചെടുക്കുന്ന സ്വർണം ആർബിഐക്ക് കൈമാറുന്നതിലൂടെ ഇവ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതായും മന്ത്രി പറയുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിന്‌ സഹായകമാകുന്നുമുണ്ട്.

എസ്‌പിഎംസിഐഎലിൽ ശുദ്ധീകരിക്കുന്നത് കള്ളക്കടത്ത് സ്വർണം മാത്രമല്ല. രാജ്യത്തെ വൻക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിക്കുന്ന സ്വർണവും ശുദ്ധീകരിക്കുന്നത് എസ്‌പിഎംസിഐഎലിലാണ്. തിരുപ്പതി, വൈഷ്ണോദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ലഭിക്കുന്ന സ്വർണവും വെള്ളിയും ഇവിടെ സംസ്കരിക്കുന്നുണ്ട്. 2021 ബജറ്റിനുശേഷമാണ് ഇവിടെ ലോഹസംസ്കരണം ശക്തിപ്പെടുത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *