എൽപിജി ഗ്യാസ് സബ്സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. ഇത് പുതിയ നിർദ്ദേശമല്ലെന്നും സബ്സിഡി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ പരിഗണിച്ച് സബ്സിഡി വിതരണം കൂടുതൽ സുതാര്യമാക്കുകയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളുടെ ഉപഭോക്താക്കൾക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിനായി എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളും ആധാർ ഫേസ്ആർഡി ആപ്പും ഉപയോഗിക്കാവുന്നതാണ്.
ഫേസ് റെക്കഗ്നിഷൻ സംവിധാനത്തിലൂടെ വീട്ടിലിരുന്ന് തന്നെ ഇ-കെവൈസി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഇത്തരത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഏജൻസികളിലെ തിരക്ക് കുറയ്ക്കാനും ഉപഭോക്താക്കളുടെ സമയം ലാഭിക്കാനും സഹായിക്കും. സബ്സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ എല്ലാ ഉപഭോക്താക്കളും നിശ്ചിത സമയത്തിനകം ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
പൂർത്തിയാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കുക.
ആധാർ ഫെയ്സ്ആർഡി ആപ്ലിക്കേഷനോടൊപ്പം നിങ്ങളുടെ എൽപിജി വിതരണക്കാരന്റെ മൊബൈൽ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ എൽപിജി അക്കൗണ്ടുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
ഇ-കെവൈസി സവിശേഷത തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആധാർ നമ്പർ നൽകി സ്ഥിരീകരണത്തിനായി അംഗീകാരം നൽകുക.
ആധാർ ഫേസ്ആർഡി ആപ്ലിക്കേഷൻ ഉപയോഗിച്ച് മുഖം പരിശോധന പൂർത്തിയാക്കുക.
