നടി ഹൻസികയും വ്യവസായി സോഹേൽ ഖതൂരിയയും നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഔദ്യോഗികമായി വിവാഹമോചിതരായി. 2022-ലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈ ബാന്ദ്ര കുടുംബകോടതിയാണ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. വേർപിരിയലിന് പിന്നാലെ ഹൻസിക ജീവനാംശം വാങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്.
വിവാഹമോചനത്തിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച പഞ്ചാബി വാക്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘ചർദി കാല’ എന്ന വാക്യമാണ് ഹൻസിക പങ്കുവെച്ചത്. എത്ര വലിയ പ്രതിസന്ധികൾക്കിടയിലും തളരാതെ, തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയും പ്രതീക്ഷയോടെയും മുന്നേറുക എന്നാണ് ഈ വാക്കിന്റെ അർത്ഥം.
അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളും ഒരേ വീട്ടിൽ ഒത്തുപോകാൻ കഴിയാത്ത സാഹചര്യവുമാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് ശേഷം കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുള്ളൂ. ബാലതാരമായി സിനിമയിലെത്തിയ ഹൻസിക, മോഹൻലാൽ ചിത്രം ‘വില്ലനിലൂടെ’ മലയാളികൾക്കും സുപരിചിതയാണ്. ‘ഗാർഡിയൻ’ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.
