Home » Blog » kerala Max » ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മനുഷ്യന്റെ നിയന്ത്രണത്തിൽ തന്നെ വേണം..! ട്രംപ്–ഷി കൂടിക്കാഴ്ചയിൽ നിർണായക വിഷയമായി എ ഐ

എഐ എത്രത്തോളം മുന്നോട്ട് പോയാലും നിയന്ത്രണം മനുഷ്യരിൽ തന്നെ തുടരണമെന്ന നിലപാട് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കും ചൈനയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഷി പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന സ്വീകരണച്ചടങ്ങിലെ പ്രാരംഭ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ട്രംപും ഷിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാരത്തിനും തായ്‌വാനും ഇറാനും പുറമെ എഐ സുരക്ഷയും പ്രധാന ചർച്ചാവിഷയമായിരുന്നു.

ഉന്നതതല കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എഐയെക്കുറിച്ചുള്ള നിലപാടും ട്രംപ് വ്യക്തമാക്കിയിരുന്നു. ‘സൂപ്പർ ഇന്റലിജൻസ്’ വലിയ ചർച്ചാവിഷയമാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എഐയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലവിലുള്ള പരിധിയിൽ തന്നെ നിലനിർത്താനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, എഐയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ സംഭവങ്ങൾ ഉണ്ടായാൽ ഇരുരാജ്യങ്ങളും പരസ്പരം അറിയിക്കുന്നതിനായി പുതിയ ‘നോട്ടിഫിക്കേഷൻ മെക്കാനിസം’ രൂപീകരിക്കാനുള്ള നിർദേശവും അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്.

എഐയുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചതിന് പിന്നിൽ സൈനിക രംഗത്തെ പുതിയ സംഭവങ്ങളും ഉണ്ട്. ഇറാനുമായുള്ള യുദ്ധത്തിനിടെ എഐ സഹായത്തോടെ തയ്യാറാക്കിയ തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ട് ഒരു ചൈനീസ് കപ്പലിനെക്കുറിച്ച് അമേരിക്കൻ സൈന്യത്തിൽ തെറ്റായ വിലയിരുത്തലിന് കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കപ്പലിനെ തടയാനുള്ള നീക്കം വരെ പരിഗണിച്ചെങ്കിലും വിവരത്തിലെ പിഴവ് കണ്ടെത്തിയതോടെ നടപടി ഒഴിവാക്കുകയായിരുന്നു. ഇറാനിലെ ഒരു സ്കൂളിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ടും പഴയ വിവരങ്ങളും എഐ സംവിധാനത്തെ അമിതമായി ആശ്രയിച്ചതും ലക്ഷ്യനിർണയത്തിലെ പിഴവിന് കാരണമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഇത്തരം സംഭവങ്ങളാണ് അതിവേഗം വികസിക്കുന്ന എഐ സംവിധാനങ്ങൾക്ക് മനുഷ്യന്റെ മേൽനോട്ടവും നിയന്ത്രണവും എത്രത്തോളം ആവശ്യമാണെന്ന ചർച്ച ശക്തമാക്കുന്നത്. അമേരിക്കയും ചൈനയും എഐ മേഖലയിൽ കടുത്ത മത്സരത്തിലാണെങ്കിലും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതര എഐ സംഭവങ്ങളെക്കുറിച്ച് പരസ്പരം വിവരമറിയിക്കുന്ന സംവിധാനം വേണമെന്ന ആശയം ഇപ്പോൾ ചർച്ചയിലുണ്ട്. എഐ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം അതിന്റെ അപകടസാധ്യതകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് ട്രംപ്–ഷി കൂടിക്കാഴ്ചയോടെ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *