Home » Blog » kerala Max » മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി? അറ്റോർണി ജനറലിന്റെ അനുമതി തേടി അഭിഭാഷകൻ

ഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികളിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി. സുപ്രീം കോടതി അഭിഭാഷകൻ ബ്രജേഷ് സിംഗ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് അനുമതി തേടി. കമ്മീഷനിലെ മറ്റ് അംഗങ്ങളെ അവഗണിച്ച് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ അട്ടിമറിച്ചതായും ടി.എൻ. ശേഷൻ കേസിലെ നിർണ്ണായകമായ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഇതെന്നും ആരോപിക്കുന്നു.

കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും സി.ഇ.സിയുടെ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, എസ്.ഐ.ആർ നടപടിക്രമങ്ങളിലൂടെയുള്ള മാറ്റങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് ഇരുവർക്കും വിയോജിപ്പുണ്ടായിരുന്നത്. രണ്ട് കമ്മീഷണർമാരും പല ഘട്ടങ്ങളിലായി നൽകിയ രേഖാമൂലമുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ച് സി.ഇ.സി. ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ ഇത്തരം തീരുമാനങ്ങൾ കേവലം ആഭ്യന്തര ഭരണനടപടികളായി കാണാനാകില്ലെന്നും അത് നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *