Home » Blog » kerala Max » ആസിഡ് കഴിച്ച് യുവതി മരിച്ച സംഭവം ; മൃതദേഹത്തിൽ പരിക്കുകൾ, സമഗ്ര അന്വേഷണം തുടങ്ങി
kasargod-680x450

കാസർകോട് പാണലത്ത് ഭർത്തൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായകമായ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുഫൈദയുടെ (24) ശരീരത്തിൽ മർദ്ദനമേറ്റ പുതിയ പാടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖത്തും കൈകളിലും രക്തം കല്ലിച്ച പാടുകളും നഖം കൊണ്ടുള്ള മാന്തലുകളും ശരീരത്തിലുണ്ട്. സംഭവ ദിവസം യുവതിയെ മർദ്ദിച്ചതായി ഭർത്താവ് ആദിൽ സമ്മതിച്ചിട്ടുണ്ട്. ഇയാൾ നിലവിൽ റിമാൻഡിലാണ്.

വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണമായ സംഭവം നടന്നത്. സ്ത്രീധനത്തിന്റെയും സ്വർണാഭരണങ്ങളുടെയും പേരിൽ ഭർത്താവും വീട്ടുകാരും സുഫൈദയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.

സംഭവ ദിവസം സ്വർണ്ണാഭരണങ്ങളെ ചൊല്ലി തർക്കമുണ്ടാവുകയും ആദിൽ സുഫൈദയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. വിവരം പുറത്തറിയാതിരിക്കാൻ സുഫൈദയുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും ബന്ധുക്കൾ പറയുന്നു. മർദ്ദനത്തിന് പിന്നാലെയാണ് സുഫൈദ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ, യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഭർത്തൃവീട്ടുകാർ തയ്യാറായില്ലെന്നും, അവർ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.