
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. രമേശ് ചെന്നിത്തല വളരെ നല്ല വ്യക്തിയാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മഹാമോശമാണെന്ന് സുധാകരൻ സഭയിൽ തുറന്നടിച്ചു. വകുപ്പ് മോശമായാൽ അതിന്റെ ചുമതലയുള്ള മന്ത്രിക്ക് മാത്രം എങ്ങനെയാണ് നല്ലവനാകാൻ കഴിയുകയെന്നും, വെളുത്ത് സുന്ദരനായിരുന്നിട്ട് വല്ല കാര്യവുമുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു. രമേശ് ചെന്നിത്തല മഹാനായ മനുഷ്യനാണെങ്കിലും വകുപ്പിലെ കെണികൾ എന്താണെന്ന് അദ്ദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസിനെ കർശനമായി നിയന്ത്രിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പൊലീസുകാർ യൂണിഫോം അണിഞ്ഞ പൗരന്മാരാണെന്നും പൗരന്മാരെന്നത് യൂണിഫോം അണിയാത്ത പൊലീസുകാരാണെന്നുമുള്ള ഡൽഹി പൊലീസ് ആസ്ഥാനത്തെ വചനം അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു. എല്ലാവരും നിയമം പാലിക്കണമെന്നും ആ തരത്തിൽ ജനങ്ങളെ വളർത്താനും പൊലീസിനെ ബോധ്യപ്പെടുത്താനുമുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനത്ത് പൊലീസുകാരുടെ എണ്ണം വളരെ കുറവാണെന്നും അതിനാൽ അംഗസംഖ്യയും വനിതാ പൊലീസുകാരുടെ പ്രാതിനിധ്യവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും പൊലീസിനെ വിന്യസിക്കണമെന്നും, എന്നാൽ അടിക്കാനും പിടിക്കാനും മാത്രമുള്ളതല്ല പൊലീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങൾക്കെതിരെയും ജി. സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. സെക്രട്ടേറിയേറ്റിൽ കാലാനുസൃതമായ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും അതൊരു മനുഷ്യത്വമില്ലാത്ത ഇടമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിനെ സമൂലമായി പുനസംഘടിപ്പിക്കണമെന്നും, ഈ തുരുമ്പിച്ച സംവിധാനം മാറ്റിയേ തീരൂ എന്നും ജി. സുധാകരൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
