Home » Blog » kerala Mex » ആ ടീമിനെ തകർക്കാൻ സഞ്ജു സാംസൺ വരണം; തിലക് വർമയെ മാറ്റണമെന്ന് എസ്. ബദ്രിനാഥ്
sanju-samson-680x450

2026 ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി മുൻ താരം എസ്. ബദ്രിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി 26-ന് സിംബാബ്‌വെക്കെതിരെ ചെന്നൈയിൽ നടക്കാനിരിക്കുന്ന നിർണായക സൂപ്പർ 8 പോരാട്ടത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ബദ്രിനാഥിന്റെ പ്രധാന നിർദ്ദേശം. മോശം ഫോമിലുള്ള തിലക് വർമ്മയെ പുറത്തിരുത്തി സഞ്ജുവിനെ കൊണ്ടുവരുന്നത് ടീമിന് ഗുണകരമാകുമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്നു എന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ അനുകൂല ഘടകമാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കാനൊരുങ്ങുന്ന സഞ്ജുവിന് ചെപ്പോക്കിലെ കാണികളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്ന യാഥാർത്ഥ്യം ടീം മാനേജ്‌മെന്റ് മറക്കരുത്. കൂടാതെ, പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ടോപ്പ് ഓർഡർ ഓഫ്-സ്പിന്നിന് മുന്നിൽ പതറുന്ന സാഹചര്യത്തിൽ, സ്പിന്നിനെ നന്നായി നേരിടുന്ന സഞ്ജുവിനെ കൊണ്ടുവരാൻ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിംഗ് നിരയിൽ സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുമ്പോൾ തന്നെ ഓപ്പണിംഗിലും മാറ്റങ്ങൾ അദ്ദേഹം നിർദ്ദേശിക്കുന്നു. ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ചേർന്ന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണം. അഭിഷേക് ശർമ്മ ഫോമിലല്ലെങ്കിലും അദ്ദേഹം ഒരു ‘എക്സ് ഫാക്ടർ’ താരമാണെന്നും ഒരു അവസരം കൂടി അർഹിക്കുന്നുണ്ടെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു. ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ മാത്രം അവസരം ലഭിച്ച സഞ്ജു, 8 പന്തിൽ 22 റൺസെടുത്ത് മികച്ച തുടക്കം നൽകിയിരുന്നെങ്കിലും വലിയ സ്‌കോറിലേക്ക് എത്തിയിരുന്നില്ല. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകരും.