
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഇന്ത്യ അണ്ടർ-19 ടീമും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമും തമ്മിലുള്ള യൂത്ത് ടെസ്റ്റ് മത്സരം നടക്കുന്നതിനിടെയാണ് ഇ-മെയിൽ മാർഗ്ഗം ബോംബ് ഭീഷണി ലഭിച്ചത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫയർഫോഴ്‌സും പോലീസും സ്റ്റേഡിയത്തിലെത്തി വ്യാപക പരിശോധന നടത്തി.
ഒക്ടോബർ നാല് മുതൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ‘എ’യിൽ ഇരുടീമുകളും തമ്മിലുള്ള ചതുർദിന മത്സരം പുരോഗമിക്കുകയായിരുന്നു. ഒക്‌ടോബർ 7 ബുധനാഴ്ച രാവിലെ 11.15-ഓടെയാണ് ഭീഷണി സന്ദേശം അധികൃതരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇരുടീമുകളിലെയും കളിക്കാരെയും ജീവനക്കാരെയും ഉടൻ തന്നെ സ്റ്റേഡിയത്തിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതിന് പുറമെ, നവംബർ 21-ന് ഇതേ സ്‌റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടിക്കും ഇ-മെയിലിൽ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസും സൈബർ സെല്ലും സംയുക്തമായി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
