Home » Blog » Kerala » അസമും ബംഗാളും ബിജെപി തൂക്കി; വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി ഇന്ന് ബി.ജെ.പി ആസ്ഥാനത്തെത്തും
20

ന്യൂഡൽഹി: അസമിലും പശ്ചിമ ബംഗാളിലും മികച്ച വിജയം നേടി ബി.ജെ.പി. ഈ വിജയം ആഘോഷമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബി.ജെ.പി ആസ്ഥാനത്തെത്തും. ഇന്ന് വൈകുന്നേരം 6 മണിക്ക് അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ബി.ജെ.പി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിമുഖീകരിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി തുടരുമെന്ന് ബി.ജെ.പി മുഖ്യ വക്താവ് അനിൽ ബലൂനിയ സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തരിപ്പണമാക്കി വലിയ മുന്നേറ്റമാണ് ബംഗാളിൽ ബി.ജെ.പി നടത്തുന്നത്. ഉച്ചക്ക് ഒരു മണിയോടെയുള്ള കണക്കുകൾ പ്രകാരം 178 സീറ്റുകളിലാണ് ബി.ജെ.പി മുന്നിലുള്ളത്. തൃണമൂൽ കോൺഗ്രസ് 92 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം, കോൺഗ്രസ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ഒറ്റക്ക് മത്സരിച്ച സി.പി.എം രണ്ടു സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്.

അസമിൽ ഭരണത്തുടർച്ചയുടെ സൂചനകൾ നൽകിക്കൊണ്ട് ബി.ജെ.പി 99 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് 23 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, വലിയ അട്ടിമറി നടന്ന തമിഴ്നാട്ടിൽ ടി.വി.കെയുടെ വിജയം അവിശ്വസനീയമാണ്. 49 വർഷമായി തമിഴ്നാട് മാറി മാറി ഭരിച്ച ദ്രാവിഡ മുന്നണികളെ നിലംപരിശാക്കിയാണ് ടി.വി.കെയുടെ വിജയം. ഇതോടെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് കോൺഗ്രസ് 103 സീറ്റുകളിലും സി.പി.എം 35 സീറ്റുകളിലും ലീഡ് നിലനിർത്തുന്നു. പുതുച്ചേരിയിൽ എൻ.ഡി.എ അധികാരം ഉറപ്പിച്ചു. ബംഗാളിലും അസമിലും ബി.ജെ.പി അധികാരം ഉറപ്പിച്ചതോടെ രാജ്യതലസ്ഥാനത്തെ ആസ്ഥാനത്ത് വലിയ ആഘോഷങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്.