
ജാമുയി: ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സുഹൃത്തിനെയും അതിക്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയെ വെടിവെച്ച് പിടികൂടിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിയുടെ അമ്മ. മകനെ പോലീസ് കൃത്രിമമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെയാണ് വെടിവെച്ചതെന്നും ജോലി സംരക്ഷിക്കാനാണ് പോലീസ് ഏറ്റുമുട്ടൽ നാടകം നടത്തിയതെന്നും മുഖ്യപ്രതി നന്ദൻ യാഥവിന്റെ അമ്മ ആരോപിച്ചു. മകന് തിരുത്താനുള്ള ഒരു അവസരം കൂടി സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. നദിക്ക് സമീപത്തെ കാലിത്തൊഴുത്തിന് അടുത്തുനിന്നാണ് മകനെ പോലീസ് പിടികൂടിയതെന്ന് പ്രതിയുടെ അമ്മ പറയുന്നു. പിന്നീട് ഏറ്റുമുട്ടൽ യഥാർഥമാണെന്ന് വരുത്തിത്തീർക്കാൻ മകന്റെ കൈയിൽ ആയുധങ്ങളോ മറ്റ് നിരോധിത വസ്തുക്കളോ പോലീസ് വെച്ചുകൊടുത്തതായും അവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ആദ്യം തനിക്ക് വിവരം ലഭിച്ചില്ലെന്നും പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. നദിക്ക് സമീപം എരുമകളെ തീറ്റുന്നതിനായി നിൽക്കുമ്പോഴാണ് മകനെ പിടികൂടിയതെന്നും പകൽ സമയത്താണ് സംഭവം നടന്നതെന്നും അവർ അവകാശപ്പെട്ടു. മകനെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് കൃത്യമായി അറിയില്ലെന്നും പോലീസ് തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അവർ പറഞ്ഞു. ഒരു പ്രാദേശിക ഗ്രാമവാസിയായ യുവാവ് ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മകൻ അവിടേക്ക് പോയതെന്നും അമ്മ പറഞ്ഞു. മകൻ നിരപരാധിയാണെന്നും തിരുത്താൻ ഒരു അവസരം കൂടി നൽകണമെന്നും അവർ സർക്കാരിനോട് അഭ്യർഥിച്ചു.
അതുപോലെ പോലീസിനെ കണ്ടപ്പോൾ മകൻ മാപ്പ് ചോദിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അധിക്ഷേപിക്കുകയും ഓടാൻ നിർബന്ധിക്കുകയും ചെയ്തശേഷം കാലിൽ വെടിവെച്ചെന്നുമാണ് അമ്മയുടെ മറ്റൊരു ആരോപണം. രണ്ട് ചുവടുകൾ മാത്രം ഓടിയ മകന്റെ കാലിൽ വെടിവെച്ചുവെന്നും അവർ പറഞ്ഞു. ഏറ്റുമുട്ടൽ യഥാർഥമാണെന്ന് കാണിക്കാനായി മകന്റെ കൈയിൽ ആയുധമോ മറ്റ് വസ്തുക്കളോ പോലീസ് ഏൽപ്പിച്ചുവെന്നും എന്നാൽ, മകന്റെ കൈയിൽ തോക്കോ, വെടിയുണ്ടകളോ ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിച്ചു. എന്നാൽ വെടിയേറ്റ സംഭവത്തെക്കുറിച്ച് താൻ നേരിട്ട് കണ്ടതോ കേട്ടതോ ഇല്ലെന്നും ആളുകൾ പറയുന്നതാണ് തനിക്ക് അറിയാവുന്നതെന്നും അവർ പിന്നീട് വ്യക്തമാക്കി.
മകൻ സാധാരണയായി വീട്ടിൽനിന്ന് മാറിത്താമസിക്കുകയും ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിലായിരുന്ന തന്നെ തിരികെ കൊണ്ടുവരാനാണ് മകൻ വീട്ടിലെത്തിയത്. തുടർന്ന് കൃഷിപ്പണികളിൽ സഹായിക്കാനായി വീട്ടിൽ തുടരുകയായിരുന്നുവെന്നും വിശ്വകർമ പൂജയ്ക്ക് ശേഷം മടങ്ങാനായിരുന്നു പദ്ധതിയെന്നും അവർ പറഞ്ഞു. അതേസമയം, കേസിലെ മറ്റ് പ്രതികൾക്കും തുല്യമായ ശിക്ഷ നൽകണമെന്നും അമ്മ ആവശ്യപ്പെട്ടു. മകനൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും ഒരേ ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു.
സെപ്റ്റംബർ 22നാണ് ജാമുയി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാലിൽ വെടിയേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും ഒരു സംഘം യുവാക്കൾ ഉപദ്രവിക്കുന്നതും ലൈംഗികമായി അതിക്രമിക്കുന്നതും കാണിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
സെപ്റ്റംബർ 21ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ജാമുയി സൂപ്രണ്ട് ഓഫ് പോലീസ് വിശ്വജീത് ദയാൽ നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. തുടക്കത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഹാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) കെ.എസ്. അനുപം നന്തൻ യാദവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.
അതിനിടെ, സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയെ സന്ദർശിച്ചിരുന്നു. സർക്കാരിന്റെ പ്രതികരണത്തിൽ തൃപ്തിയുണ്ടെന്നും മകളുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് ഇടപെട്ടിട്ടുണ്ട്. അതേസമയം, നന്ദനെ അന്വേഷിച്ചെത്തിയപ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിയായ ഇയാളുടെ പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം 28 വർഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
