
കാസർകോട്: തൃക്കരിപ്പൂരിൽ തന്നെ ജയിപ്പിക്കാൻ മുസ്‍ലിം വീടുകൾ കയറിയിറങ്ങി ലീഗ് മതവികാരം ഇളക്കിവിട്ടുവെന്ന സിപിഎം നേതാവ് പി. ജയരാജൻറെ ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ എംഎൽഎ. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം തനിക്കെതിരെ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാം, തോൽവിയുടെ ജാള്യത മറക്കാൻ ഇത്തരം നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് അപമാനിക്കുന്നതെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പി. ജയരാജൻ സന്ദീപ് വാര്യർക്കെതിരെ ആരോപണം ഉന്നയിച്ചത്. ”ഗോഡ്സെയെ പരസ്യമായി ന്യായം പറഞ്ഞ വിദ്വാനെ നിയമസഭയിൽ എത്തിക്കാൻ വേണ്ടി മതവികാരം ഇളക്കിവിട്ടു. ലീഗിന്റെ നേതാക്കന്മാർ മതനിരപേക്ഷതയ്ക്ക് വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നൊക്കെ പറയാറുണ്ടെങ്കിലും അവിടെ മുസ്‍ലിം മതവികാരം ഇളക്കിവിട്ടു. ഞങ്ങളുടെ പാർട്ടി സ്ഥാനാർഥിയായ പി.പി. മുസ്തഫയ്‌ക്കെതിരെ മുസ്‍ലിം വീടുകളിൽ പോയി പ്രചരിപ്പിച്ചു, അദ്ദേഹം മുസ്‍ലിം ചര്യ അനുസരിച്ച് ജീവിക്കാത്ത ആളാണെന്ന്.” – എന്നായിരുന്നു ജയരാജൻ അഭിമുഖത്തിൽ പറഞ്ഞത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സഖാവ് പി. ജയരാജന്റെ പുതിയ കണ്ടെത്തൽ കണ്ടു. തൃക്കരിപ്പൂരിൽ ഞാൻ ജയിച്ചത് മുസ്‍ലിം ലീഗ് വീടുകൾ കയറിയിറങ്ങി മതവികാരം ഇളക്കിവിട്ടത് കൊണ്ടാണത്രേ.. ജയരാജൻറെ സ്ഥാനാർഥി ശ്രീ. വി.പി.പി മുസ്തഫയെയാണ് തൃക്കരിപ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം എനിക്കെതിരെ പച്ച വർഗീയ പ്രചരണം അഴിച്ചുവിട്ടത് ആരാണെന്ന് ഈ നാടിന് നന്നായി അറിയാം. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് ഈ കുറിപ്പ് മലിനമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ സഖാവ് പറഞ്ഞ ലീഗിൻറെ കാര്യം.. അതെ, മുസ്‌ലിം ലീഗ് പ്രവർത്തകർ എനിക്ക് വേണ്ടി കൈ- മെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. അതൊരു പരസ്യമായ വസ്തുതയാണ്, അത് അഭിമാനത്തോടെ തന്നെ ഞാൻ പറയും.
യുഡിഎഫ് പ്രവർത്തകരും ഈ നാടിന്റെ മാറ്റം കൊതിച്ച ജനങ്ങളും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് തൃക്കരിപ്പൂരിലെ വിജയം. ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ…തോൽവിയുടെ ജാള്യത മറക്കാൻ ഇത്തരം നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്. ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?
തെരഞ്ഞെടുപ്പ് കഴിഞ്ഞു. എനിക്ക് ഇപ്പോൾ തൃക്കരിപ്പൂരിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭേദമില്ല. അവരുടെ എല്ലാവരുടെയും എംഎൽഎ ആയി ഞാൻ പ്രവർത്തിക്കും. പാർട്ടി, ജാതി, മതം ഇതൊന്നും ജനങ്ങൾക്ക് സേവനം ചെയ്യുന്ന കാര്യത്തിൽ തടസമേ അല്ല.
