Home » Blog » Kerala » “അയ്യോ, അത് ലോഡ്ഷെഡിങ്ങ് അല്ല, ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ… ഒരു മിനിറ്റ്, നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ…” ; സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി
8

പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌ ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്, ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതും തടസങ്ങൾക്ക് കാരണമാകുന്നു. ഇത് ഒരു സ്വാഭാവിക നിയന്ത്രണം മാത്രമാണെന്നും ആണ് മന്ത്രി ഒരു മാധ്യമത്തിനോട് പ്രതികരിക്കവേ പറഞ്ഞത്.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരത്തെ സമയങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കൂടാതെ പ്രതിപക്ഷം ഈ കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കടുത്ത വേനലും മഴക്കുറവും മൂലം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ എസി എന്നത് ആഡംബരമെന്ന നിലയിൽ നിന്ന് മാറി പല വീടുകളിലും അനിവാര്യതയായി മാറിയിരിക്കുകയാണ്. മാത്രമല്ല കരാറുകൾ പുതുക്കുന്നതിൽ കെഎസ്ഇബിക്ക് ഉണ്ടായ വീഴ്ചയും ഈ പ്രതിസന്ധിക്ക് ഒരുകാരണമാണ്. മുൻകൂട്ടി വിവരങ്ങൾ ലഭ്യമായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ കൃത്യമായി നടന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.