അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരിൽ നിന്നും എസ്ഐടി നേരിട്ട് മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, സംഭാവന നൽകിയ പ്രമുഖ വ്യവസായികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കട്ടി സംഭാവന നൽകിയ ഇന്ത്യൻ ബുള്യൻ ആൻഡ് ജൂവലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി, മൂന്ന് കിലോ വെള്ളി ഹാരവും പാദുകങ്ങളും നൽകിയിട്ടും രസീത് ലഭിക്കാത്ത മുംബൈ വ്യവസായി അനിൽ വിശ്വകർമ്മ എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.
അതേസമയം, സംഭവത്തിൽ ട്രസ്റ്റിനെ തള്ളി വിഎച്ച്പി രംഗത്തെത്തി. ക്ഷേത്ര ട്രസ്റ്റിലെ ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നും, ട്രസ്റ്റോ അനുബന്ധ പ്രസ്ഥാനങ്ങളോ ഈ വിഷയത്തിൽ ഉത്തരവാദികളല്ലെന്നും ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ വ്യക്തമാക്കി. എസ്ഐടിക്ക് മുന്നിൽ കുറ്റാരോപിതർ ഹാജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
