Home » Blog » Kerala » അമ്മാവനൊപ്പം പുഴയിലെത്തിയ 12കാരനെ മുതല പിടിച്ചുകൊന്നു
14-1421223564-crocodile-is-between-land-and-water

ലഖ്നൗ: ഉത്തർപ്രദേശിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ ഘാഘ്ര നദിക്കരയിലാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. അമ്മാവനൊപ്പം നദിയിൽ കുളിക്കാനെത്തിയ കുട്ടിയെ ഭീമൻ മുതല കാലിൽ കടിച്ച് ആഴങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

 

കുട്ടിയെ മുതല പിടികൂടുന്നത് കണ്ട് പ്രാണരക്ഷാർത്ഥം അമ്മാവൻ ഉടൻ തന്നെ നദിയിലേക്ക് എടുത്തുചാടി. സർവ്വശക്തിയുമെടുത്ത് അദ്ദേഹം മുതലയുമായി പോരാടാൻ ശ്രമിച്ചെങ്കിലും ഭീമാകാരനായ വന്യമൃഗത്തിന്റെ ശക്തിക്ക് മുന്നിൽ ആ ശ്രമങ്ങളെല്ലാം വിഫലമായി. കുട്ടിയുമായി മുതല ആഴങ്ങളിലേക്ക് മറയുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അമ്മാവൻ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും പിന്നാലെ പോലീസും വനംവകുപ്പും സംഭവസ്ഥലത്തേക്ക് എത്തി.

 

തുടർന്ന് വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നദിയിൽ മണിക്കൂറുകൾ നീണ്ട വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ നദിയുടെ ആഴങ്ങളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് ഘാഘ്ര നദിയിൽ മുതലകളുടെ സാന്നിധ്യവും ആക്രമണങ്ങളും രൂക്ഷമാണെന്നും, വനംവകുപ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.