മലപ്പുറം: അമ്മയുടെ വീട്ടിൽ വിരുന്നെത്തിയ മൂന്ന് വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി (3) ആണ് വണ്ടൂർ എറിയാട് തോട്ടിൽ വീണ് ദാരുണമായി മരണപ്പെട്ടത്. ആലപ്പുഴയിൽ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു. ഉച്ചയോടെയാണ് കുട്ടി തോട്ടിലെ ഒഴുക്കിൽപ്പെട്ടത്.
ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്താനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ, മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്തും സമാനമായ രീതിയിൽ നാലു വയസ്സുകാരൻ മരണപ്പെട്ടിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ (4) ആണ് മരിച്ചത്. മുതുവല്ലൂർ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് ആദം.
