Home » Blog » Kerala » അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം; വാതിൽ തുറന്നപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം.
images

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യാണ് ബെംഗളൂരുവിലെ വാടക ഫ്‌ളാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.

 

ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മരണം നടന്നിട്ട് രണ്ടോ മൂന്നോ ദിവസമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് സമീപം കീറിപ്പറിഞ്ഞ നിലയിൽ നിരവധി കടലാസുകഷണങ്ങൾ ചിതറിക്കിടന്നിരുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പുകളൊന്നും തന്നെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുക്കാൻ പോലീസിനായിട്ടില്ല. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ യുവതി ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പ്രാഥമികമായി പോലീസ് എത്തിയതെങ്കിലും കൊലപാതകത്തിനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. ഏപ്രിൽ 23-നാണ് യുവതി അവസാനമായി പുറത്തിറങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അയൽവാസികളുടെ മൊഴിയിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് എല്ലാ വശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.