Home » Blog » kerala Max » അന്ന് ​മോദി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു; ഉത്തർപ്രദേശ് മുഖ്യമന്ത്രി
Yogi-Adityanath-680x450

1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് മോദിയുടെ നേതൃത്വമുണ്ടായിരുന്നുവെങ്കിൽ ആർക്കും ഇന്ത്യയെ ഉപദ്രവിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജന കാലഘട്ടത്തിലെ ഇരുണ്ട അധ്യായങ്ങളിൽ നിന്ന് രാജ്യം പാഠം ഉൾക്കൊള്ളണമെന്നും, അത്തരം ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

സംസാരിക്കവേ വിഭജനകാലത്തെ അതിദാരുണമായ സംഭവങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും, അന്നത്തെ ഭരണാധികാരികൾ അധികാരത്തോടുള്ള ആർത്തി മൂലം സനാതന രാഷ്ട്രത്തെ കഷ്ണങ്ങളായി വെട്ടിമുറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാൻ ആവശ്യപ്പെടാത്ത പ്രദേശങ്ങൾ പോലും അധികാരം പിടിച്ചെടുക്കാനുള്ള ആർത്തി കാരണം അന്നത്തെ നേതാക്കൾ വിട്ടുകൊടുത്തു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായിരുന്ന പഞ്ചാബും ബംഗാളുമെല്ലാം അന്ന് പാകിസ്ഥാന് കൈമാറുകയായിരുന്നു. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് അന്നത്തെ നേതാക്കൾ ബംഗ്ലാദേശിലെ കൂട്ടക്കൊലകൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിച്ചതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഇന്ത്യയുടെ അന്നത്തെ ദൗർബല്യം ശക്തിയുടെയോ ബുദ്ധിയുടെയോ കുറവുകൊണ്ടല്ലായിരുന്നെന്നും, മറിച്ച് ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തിനകത്തുണ്ടായ ഭിന്നതകളായിരുന്നു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ജീവത്യാഗത്തെ രാഷ്ട്രീയ സ്വാർത്ഥതകൾ ചോർത്തിക്കളഞ്ഞു. ആ കാലഘട്ടത്തിലെ ആഭ്യന്തര ഭിന്നതകളുടെ വിലയാണ് ഇപ്പഴും രാജ്യം ഭീകരവാദത്തിന്റെയും ഗൂഢാലോചനകളുടെയും രൂപത്തിൽ നൽകിക്കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശുമെല്ലാം പണ്ട് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വിഭജന സ്മരണക്കായി ആചരിക്കുന്ന ‘വിഭജന ഭീകരത സ്മരണാദിന’ത്തോടനുബന്ധിച്ചാണ് യോഗി ആദിത്യനാഥിന്റെ ഈ വിവാദ പരാമർശങ്ങൾ പുറത്തുവന്നിരിക്കുന്നത്.