പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് ശേഷമുള്ള തന്റെ അതൃപ്തി എൽദോസ് എ.കെ. ആന്റണിയെ നേരിട്ട് അറിയിച്ചതായാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട എൽദോസ് കുന്നപ്പിള്ളി പോസിറ്റീവായ പ്രതികരണമാണ് നടത്തിയത്. “സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല ആന്റണി സാറിനെ കണ്ടത്. അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സ് ശാന്തമായി. എനിക്ക് നല്ല ഭാവിയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു,” എൽദോസ് പറഞ്ഞു. എത്ര പ്രയാസങ്ങളുണ്ടെങ്കിലും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി അത് മറക്കണമെന്ന ആന്റണിയുടെ ഉപദേശം സ്വീകരിക്കുന്നതായും എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് എന്നും പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് എ.കെ. ആന്റണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും എം.എൽ.എയായും മികച്ച നിലയിൽ പ്രവർത്തിച്ച മിടുക്കനായ ചെറുപ്പക്കാരനാണ് എൽദോസെന്ന് അദ്ദേഹം പ്രശംസിച്ചു.
