Home » Blog » Education » അഡ്മിഷൻ പ്രക്രിയയിൽ സ്വാശ്രയ കോളജുകളെ ഉൾപ്പെടുത്തണം; കണ്ണൂർ സർവകലാശാല വിസിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
24

കണ്ണൂർ: അഡ്മിഷൻ പ്രക്രിയയിൽ നിന്ന് സ്വാശ്രയ കോളജുകളെ ഒഴിവാക്കിയ കണ്ണൂർ സർവകലാശാല വിസിയുടെ നടപടിക്ക് തിരിച്ചടി. സ്വാശ്രയ കോളേജുകളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. അവസാന സമയത്ത് യൂണിവേഴ്സിറ്റി എടുത്ത തീരുമാനം വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കും. അടുത്ത വർഷം മുതൽ കോളേജുകൾ യുജിസി റെഗുലേഷൻ പാലിക്കണം. ഇക്കാര്യം ഉറപ്പു വരുത്തി സ്വാശ്രയ കോളേജുകളെ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. സ്വാശ്രയ മാനേജ്മെന്റുകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

സർവകലാശാലക്ക് കീഴിലുള്ള എൺപതോളം സ്വാശ്രയ കോളജുകളിൽ അഡ്മിഷൻ നടക്കാതിരുന്നാൽ നിരവധി വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമാകാൻ സാധ്യതയുണ്ട്. അധ്യാപനത്തിന് യുജിസി മാനദണ്ഡം നിർബന്ധമക്കണമെന്ന ഗവർണരുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ വിസിയുടെ നടപടി. അധ്യാപനത്തിന് നെറ്റ് യോഗ്യത വേണമെന്ന യുജിസി മാനദണ്ഡം കർശനമാക്കണമെന്ന ഗവർണരുടെ ഉത്തരവ് നടപ്പാക്കാനെന്ന പേരിലാണ് ഈ അധ്യയന വർഷത്തെ പ്രവേശന നടപടികളിൽ നിന്ന് സ്വാശ്രയ കോളേജുകളെ ഒഴിവാക്കിയത്.

നിലവിൽ എംജി, കേരള ഉൾപ്പെടെയുള്ള മറ്റു സർവകലാശാലകൾ സ്വാശ്രയ കോളേജുകളെ കൂടി ഉൾപ്പെടുത്തിയാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. കാലിക്കറ്റ്‌ സർവകലാശാല 2021 ൽ കേരള സർക്കാർ പാസാക്കിയ സ്വാശ്രയ നിയമം സർവകലാശാല സ്റ്റാട്യൂട്ടിൽ ഉൾപ്പെടുത്തിയാണ് ഗവർണരുടെ ഉത്തരവിനെ മറികടന്നത്. ഇക്കാര്യത്തിൽ മറ്റു സർവകലാശാലകൾക്കില്ലാത്ത നിർബന്ധ ബുദ്ധി കണ്ണൂർ വിസി കാണിക്കുന്നതിനു പിന്നിൽ ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബിയുമായുള്ള അവിശുദ്ധ ബന്ധമാണെന്നും അധ്യാപക സംഘടനകൾ ആരോപിക്കുന്നു.