Home » Blog » Kerala » വീണ വിജയന്‍റെ വീട്ടിലെ ഇഡി റെയ്ഡിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്; 242 അക്കൗണ്ടുകള്‍, 18 കോടി രൂപ, ഇതെല്ലാം ആരുടേത്
ed

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് വീണ വിജയന്‍റെ വീട്ടില്‍ നടത്തിയ ഇഡി റെയ്ഡിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്. വീണ വിജയന്‍റെ തിരുവനന്തപുരം, കണ്ണൂര്‍ വീടുകളിലും ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തിയത്. വീണ വിജയന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 242 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡി കണ്ടെത്തിയത്. 18 കോടി രൂപ ഈ അക്കൌണ്ടുകളിലുണ്ടായിരുന്നു. ഇത് ഇഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇഡിയെ തന്നെ ഞെട്ടിച്ച വിവരങ്ങളാണ് റെയിഡില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇതാരുടെതാണ് 242 അക്കൗണ്ടുകള്‍ എന്ന അന്വേഷണമാണ് ഇഡി ആരംഭിച്ചത്. 18 കോടി രൂപ എങ്ങനെ വന്നുവെന്നുള്ള കാര്യവും ഇഡി അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഇഡി വീണയ്ക്ക് സമന്‍സ് നല്‍കും. കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമാണിത്.

242 അക്കൗണ്ടുകള്‍ ആരുടെതാണ് എന്ന് അന്വേഷണം വരുമ്പോള്‍ അത് പിണറായി വിജയനിലേക്കും ഭാര്യ കമലയിലേക്കും നീണ്ടുപോകാനുള്ള സാധ്യത ഏറെയാണ്. 242 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തെന്നും 18 കോടി രൂപ മരവിപ്പിച്ചെന്നും വാര്‍ത്താക്കുറിപ്പിലാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്. കുറ്റകരമായ സംശയമുള്ള നിക്ഷേപങ്ങളുടെയും ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ഇഡി പറയുന്നു. . മാത്രമല്ല രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയെന്നും ഇഡി പത്രക്കുറിപ്പിൽ പറയുന്നു. ഏതാണ് ഈ നിക്ഷേപങ്ങൾ ? ഏതാണ് ഈ FD കൾ? ഇതെല്ലാം വീണയുടെത് മാത്രമാണോ ? ഇതിൽ വ്യക്തത വരുത്താൻ മുന്‍ മുഖ്യമന്ത്രിയും സിപിഎം പിബി അംഗവും എന്ന നിലയില്‍ പിണറായിയ്ക്ക് ബാധ്യതയില്ലേ എന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നു.

അന്വേഷണം നീളുമ്പോള്‍ കുരുക്കിലാവുക സിപിഎം തന്നെയാണ്. പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിനെ പാര്‍ട്ടി എന്തിന് പ്രതിരോധിക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇഡിക്ക് നേരെ നടന്ന ഇന്നലത്തെ അക്രമം ഒഴിവാക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തികൂടിയീട്ടുമുണ്ട്. ഇഡി റെയ്ഡിനെ അക്രമത്തിലൂടെ നേരിട്ട് പ്രതിരോധത്തിലായ പാര്‍ട്ടി റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിയില്‍ വരുമ്പോള്‍ കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. എക്സാലോജിക്കില്‍ നിന്നും ലഭിച്ച പണം വീണ ഏതു രീതിയില്‍ ഉപയോഗിച്ചു എന്ന അന്വേഷണവും ഒപ്പം നടക്കുന്നുണ്ട്. 130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഇഡി അന്വേഷണം തുടരുന്നത്. വീണയെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്തായാലും ഇഡി റെയ്ഡില്‍ പാര്‍ട്ടി പിണറായിക്ക് ഒപ്പമാണെങ്കിലും കാര്യങ്ങള്‍ പിണറായിക്കും പാര്‍ട്ടിക്കും എളുപ്പമല്ല. എന്താകും ഇഡി നടപടി എന്നാണ് ഇപ്പോള്‍ സിപിഎം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.