ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവയ്ക്കൊപ്പം കൃത്യമായ 21 ദിവസത്തെ യാത്രാ ചരിത്രവും പരിശോധിക്കും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിൽ നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഇതിനകം തന്നെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പടരുന്ന എബോളയുടെ പുതിയ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന രോഗമല്ല. മറിച്ച് രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, ഉമിനീർ, വിയർപ്പ്, ഛർദ്ദി, മലമൂത്രങ്ങൾ തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ വ്യക്തികളിൽ നിന്നും വൈറസ് ബാധിച്ച വവ്വാലുകൾ, കുരങ്ങുകൾ എന്നിവയിൽ നിന്നുമാണ് മനുഷ്യരിലേക്ക് പ്രധാനമായും ഈ രോഗം പടരുന്നത്.
